കൊച്ചി: മമ്മൂട്ടി എന്ന മെഗാതാരം ആരാധകരുടെ ഭാഷയിൽ മരണമാസ്സാണ്. തന്നെ ട്രോളിയ സൈബർ ലോകത്തിന് ട്രോളുകളെല്ലാം ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചാണു താരം മറുപടി നൽകിയത്.

കസബ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണു പുറത്തിറങ്ങിയത്. ഇതിനു തൊട്ടുപിന്നാലെ സൈബർ ലോകത്തെ ട്രോളന്മാർ പണി തുടങ്ങുകയും ചെയ്തു.

ഇതെല്ലാം താൻ ആസ്വദിക്കുന്നുവെന്നും ആക്ഷേപഹാസ്യത്തിന്റെ നൂതന മുഖമാണു സോഷ്യൽ മീഡിയ ട്രോളുകളെന്നും ഇവ പങ്കുവച്ചു മമ്മൂട്ടി വ്യക്തമാക്കി.

ഈ ട്രോളുകളെല്ലാം ധൈര്യപൂർവം പേജിൽ ഷെയർ ചെയ്യാൻ കാണിച്ച 'ഇക്ക പൊളിച്ചു'വെന്നും 'മാസല്ല, മരണമാസ്സാണെ'ന്നുമാണ് ആരാധകർ പറയുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തിൽ മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രമാണ് കസബ. സി.ഐ രാജൻ സക്കറിയ എന്ന വേഷത്തിലാണു മമ്മൂട്ടി എത്തുന്നത്. മോഹൻലാലിന്റെ പുലിമുരുഗൻ എന്ന സിനിമയുടെ കാരക്ടർ ടീസറിനുള്ള ട്രോളിന് പിന്നാലെയാണ് മമ്മൂട്ടിയും ട്രോളന്മാരുടെ ഇരയായി മാറിയത്. സിനിമയുടെ ആദ്യ പോസ്റ്ററിനുള്ള വിമർശനമോ വിയോജിപ്പോ അല്ല മമ്മൂട്ടിയുടെ ലുക്കിന് സ്പൂഫ് ഒരുക്കിയാണ് കൂടുതൽ ട്രോളുകളും. മുമ്പ് ഭാസ്‌കർ ദ റാസ്‌കൽ എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് സീൻ ഫോട്ടോ പുറത്തുവിട്ടപ്പോഴും സമാനമായ ട്രോൾ പ്രവാഹമുണ്ടായിരുന്നു.

നിതിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി, നേഹ സക്‌സേന, വരലക്ഷ്മി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി, വരലക്ഷമിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. നേഹ സക്‌സേനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്പത്ത്, കലാഭവൻ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമ്മാണം.

ബംഗളൂരു,ബംഗാരപ്പെട്ട്,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച കസബയിൽ സമ്പത്ത് നെഗറ്റീവ് റോളിലെത്തുന്നു. ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരളാ കർണാടക അതിർത്തിയിലെത്തുന്ന സബ് ഇൻസ്‌പെക്ടറാണ് രാജൻ സക്കറിയ. അയാൾ പിന്നീട് നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം. ആക്ഷൻ എന്റർടെയിനർ സ്വഭാവത്തിലാണ് സിനിമ.ജോ ആൻഡ് ദി ബോയ് എന്ന സിനിമയുടെ നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടെയിന്മെന്റാണ് കസബ നിർമ്മിക്കുന്നത്. രാഹുൽ രാജ് സംഗീതവും സമീർ ഹഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു.