തിരുവനന്തപുരം: മമ്മൂട്ടിക്ക് വീണ്ടും കഷ്ടകാലമായതോ? നിരന്തരം സിനിമകൾ പരാജയപ്പെട്ടിരുന്ന കാലത്ത് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. ഇപ്പോൾ, വീണ്ടും സോഷ്യൽ മീഡിയ മമ്മൂട്ടിയെ കളിയാക്കി രംഗത്തെത്തിയിരിക്കയാണ്. പുകവലി വിരുദ്ധ സന്ദേശത്തിന്റെ പേരിലാണ് മമ്മൂട്ടിയെ കളിയാക്കുന്നത്.

ലോക പുകയില വിരുദ്ധ ദിനമായ ഇന്നലെ മാതൃഭൂമി ഒന്നാം പേജിൽ നൽകിയ മമ്മൂട്ടിയുടെ പുകവലി വുരുദ്ധ സന്ദേശമാണ് ട്രോളിനിരയായത്. സന്ദേശത്തിൽ 'ദിവസം നൂറും നൂറ്റി ഇരുപതും സിഗററ്റ് വലിച്ച ആളായിരുന്നു ഞാൻ.' എന്ന പരാമർശമാണ് ഏവരെയും ഞെട്ടിച്ചത്.

വലി നിർത്തിയതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. മനക്കരുത്ത് പരീക്ഷിച്ച് നോക്കിഅതുകൊണ്ട് ഒറ്റയടിക്ക് നിർത്താൻ സാധിച്ചുവെന്ന് മാത്രം എന്നുമായിരുന്നു മമ്മൂട്ടി മാതൃഭൂമിയോട് പറഞ്ഞത്. പെട്ടന്ന് വലി നിർത്താൻ ശ്രമിച്ചപ്പോൾ പ്രലോഭനം ഒഴിവാക്കാൻ ചായ കുടിച്ചെന്നുമായിരുന്നു താരം പറഞ്ഞത്. ദിവസവും 20 സിഗരറ്റ് വരെ വലിക്കുന്നവർ ഉണ്ടാകുമെങ്കിലും ഇപ്പോൾ 120 എണ്ണം മമ്മൂട്ടി വലിച്ചിരുന്നു എന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടി.

ഇതോടെ മമ്മൂട്ടിയെ ട്രോളടിച്ച് ട്രോളന്മാർ രംഗത്തെത്തി. മമ്മൂട്ടിയെയും വഹിച്ചുകൊണ്ടുവരുന്ന തീവണ്ടി മുതൽ, ദുൽഖർ സൽമാൻ സിഗററ്റ് കുറ്റികൾ കൊണ്ടുപോയി കളയുന്നത് അടക്കമുള്ള ചിത്രങ്ങളുമായാണ് ട്രോളന്മാർ രംഗത്തെത്തിയത്. മമ്മൂട്ടിക്കെതിരെ പരിസ്ഥിതി മലിനീകരണത്തിന് കേസെടുത്തു എന്ന വിധത്തിലും ചിത്രീകരിച്ചുകൊണ്ടാണ് ട്രോളിന്മാരുടെ ആഘോഷം.

അതേസമയം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ദിവസവും 80-85 സിഗരറ്റുകൾ വലിച്ചിരുന്നുവെന്നായിരന്നു മന്ത്രി ആര്യാടൻ മുഹമ്മദ് പ്രതികരിച്ചത്. ഇതേക്കുറിച്ചും ട്രോൾ പോസ്റ്റുകളുണ്ട്.