കൊച്ചി: വള്ളുവക്കോനാതിരിയുടെ ചാവേറുകളുടെ രക്തം ചിന്തുന്ന കഥയുമായി എത്തുന്ന ചിത്രമാണ് മാമാങ്കം. പതിനേഴാം നൂറ്റാണ്ടിൽ ഭാരതപ്പുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ടകാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനരാവിഷ്‌കരിക്കുകാണ് മാമാങ്കത്തിലൂടെ നവാഗത സംവിധായകനായ സജീവ് പിള്ള.

ചിത്രത്തിന്റെ പൂർണ്ണതക്കായി പഴശ്ശിരാജക്ക് ശേഷം മമ്മൂട്ടി കളരി പഠിക്കാനൊരുങ്ങുന്നു എന്ന വാർത്തായാണ് ഇപ്പോൾ പ്രേക്ഷകരിലെത്തുന്നത്.പ്രമേയം കൊണ്ടും മുതൽമുടക്കു കൊണ്ടും മലയാളത്തിലെ 'ചലച്ചിത്രമാമാങ്ക'മായി മാറുന്ന ചിത്രത്തിൽ മികച്ച് കഥാപാത്രത്തെ അവതരിപ്പിക്കാൻ ശാരീരിക പരമായി ഒരുങ്ങാൻ തന്നെയാണ് മെഗാ സ്റ്റാറിന്റെ തീരുമാനം.

പന്ത്രണ്ടു വർഷത്തിലൊരിക്കലാണു തിരുനാവായ മണപ്പുറത്തു അരങ്ങേറിയിരുന്ന മാമാങ്കം പുനർജനിക്കുമ്പോൾ അതിൽ നിരവധി വാൾപയറ്റ് കളരി രംഗങ്ങളാണ് ഉണ്ടാവുക. പതിനേഴ് വർഷത്തെ ഗവേഷണത്തിനുശേഷം നവാഗതനായ സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെത്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുമുള്ള മുൻകരുതലാണ് ചിത്രം ആവിശ്യപ്പെടുന്നത് ഇതിനായാണ് മെഗാ സ്റ്റാർ ഒരുങ്ങുന്നത്.

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് 2018 പകുതിയോടെ ആരംഭിക്കും. കളരി അടിസ്ഥാനമാക്കിയുള്ള ആയോധനമുറകൾ ചിത്രത്തിലുടനീളമുണ്ടെന്ന സംവിധാകൻ പറയുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു.ഒരു വടക്കൻ വീരഗാഥയിലും, പിന്നീട് പഴശ്ശിരാജയിലും കളരിപ്പയറ്റ് രംഗങ്ങളിൽ എത്തിയ താരം വർഷങ്ങൾക്കു ശേഷം വീണ്ടും കളരിപ്പയറ്റുമായി എത്താൻ ഒരുങ്ങുകയാണ്. അംബേദ്കറെയും ചന്തുവിനെയും പഴശ്ശിരാജയെയുമെല്ലാം അവിസ്മരണീയമായ അഭിനയം കൊണ്ട് സ്‌ക്രീനിൽ പകർത്തിയെഴുതിയ മമ്മൂട്ടി ഒരിക്കൽക്കൂടി ചരിത്രത്തിന്റെ ഭാഗമാവുകയാണ്.കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നംപള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഒരു വലിയ താരനിരയുള്ള ചിത്രമാണിത്.