ഇന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മമ്മൂട്ടി പോസ്റ്റ് ചെയ്ത രണ്ട് ചിത്രങ്ങൾ ചർച്ചയാവാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. താടി വെച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മമ്മൂട്ടി. ആരാധകർക്കൊപ്പം തന്നെ യുവ ചലച്ചിത്ര താരങ്ങളും മെഗാ സ്റ്റാറിന്റെ പോസ്റ്റിന് കമന്റുകളുമായെത്തി. എന്നാൽ, ചിലർക്ക് അറിയേണ്ടിയിരുന്നത് ഫോട്ടോകളിൽ മമ്മൂട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ ഏതാണെന്നായിരുന്നു.

ടെക്നോളജി മേഖലയിൽ നിരന്തരം അപ്ഗ്രേഡ് ചെയ്യുന്ന മമ്മൂട്ടിയുടെ ഫോൺ ഏതാണെന്ന ആകാംക്ഷയിലാണ് പല ആരാധകർ ഫോൺ തപ്പി ഇറങ്ങിയത്. 2020 മാർച്ച് ആറിന് പുറത്തിറങ്ങിയ സാംസങ്ങിന്റെ ഗാലക്സി S20 അൾട്രാ ഫോണാണ് മമ്മൂട്ടി ഉപയോഗിച്ചതെന്നാണ് ആരാധകർ കണ്ടുപിടിച്ചത്. 2020 ഫെബ്രുവരിയിലാണ് സാംസങ്ങ് ഈ ഫോൺ പ്രഖ്യാപിക്കുന്നത്.

സാംസങ് ഗാലക്‌സി S20 സീരിസിലെ ഏറ്റവും വലിയ ഫോണാണ് ഗാലക്‌സി S20 അൾട്രാ. 6.9-ഇഞ്ചുള്ള QHD ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിന്റേത്. 12 ജിബി/16 ജിബി LPDDR5 റാം, 128 ജിബി/ 256 ജിബി/ 512 ജിബി സ്റ്റോറേജ് എന്നീ ഓപ്‌ഷനുകളാണ് LTE, 5G വേരിയന്റ്സിനുള്ളത്. 5,000mAh ആണ് ബാറ്ററി കപ്പാസിറ്റി. മറ്റ് ഗാലക്‌സി S20 സീരിസ് മോഡലുകളിൽ നിന്നും വ്യത്യസ്തമായി വലിയ ക്യാമറ സെൻസർ അപ്‌ഡേറ്റുകളും ഹാൻഡ്‌സെറ്റിലുണ്ട്. വൈഡ് ആംഗിൾ, ഡെപ്ത് ക്യാമറകൾ ഒഴിച്ചുനിർത്തിയാൽ പ്രൈമറി ക്യാമറ108-മെഗാപിക്സൽ സെൻസറാണ്. 48-മെഗാപിക്സൽ ആണ് ടെലിഫോട്ടോ ക്യാമറ.

പുതിയ പെരിസ്‌കോപ്‌-സ്റ്റൈൽ ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്, 10x ഹൈബ്രിഡ് ഒപ്റ്റിക്കൽ സൂമും 100X വരെ പരമാവധി ‘സൂപ്പർ റസല്യൂഷൻ സൂമും' ആണ് ഇതിൽ ലഭിക്കുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 40-മെഗാപിക്സലിന്റെ സെൻസർ ആണ് മുൻഭാഗത്ത് നൽകിയിരിക്കുന്നത്. ഒരു ലക്ഷത്തിനടുത്താണ് സാംസങ് ഗാലക്‌സി S20 അൾട്രയുടെ ഇന്ത്യൻ വില.

ലോക് ഡൗൺ കാലത്ത് ക്യാമറയും ഫോട്ടോഗ്രഫിയുമായി വീടിനുള്ളിൽ തിരക്കിലാണ് മമ്മൂക്ക. അങ്ങനെ പകർത്തിയ ചിത്രങ്ങളും അദ്ദേഹം മുൻപ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മാസ് ലുക്കിൽ എത്തിയിരിക്കുകയാണ് അദ്ദേഹം. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കിട്ടത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.