ഒടുവില്‍ ബാലകൃഷ്ണപിള്ള ജയിലില്‍ ആയി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന ഒരു മഹാ സംഭവം. അഴിമതിയുടെ പേരില്‍ ഒരു രാഷ്ട്രീയ നേതാവ്, അതും അനേകം വര്‍ഷം മന്ത്രിയായിരിക്കുകയും, മൂന്നു മാസം കഴിയുമ്പോള്‍ വീണ്ടും മന്ത്രിയാകുമെന്ന് ഉറപ്പുണ്ടായിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവ് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അഴിക്കുള്ളില്‍ ആകുക എന്ന് പറഞ്ഞാല്‍ അത്ര നിസ്സാരമായ കാര്യമല്ല.


എന്നിട്ടും നാം ഈ കുറ്റവാളിയോട് എന്തുകൊണ്ട് ഇത്രയധികം സഹതാപം കാണിക്കുന്നത്? എല്ലാ മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും മരണത്തിന് തുല്യമായ നിസ്സംഗതയോടെ സഹതാപത്തോടെ പിള്ളയ്ക്കു വേണ്ടി ക്യാമറയും തൂലികയും ചലിപ്പിക്കുന്നു. മഹാനായ ഒരു മനുഷ്യനുണ്ടായ ഏതോ ഒരു ദിര്‍വിധി എന്നപോലെ പിള്ളയുടെ ചലനങ്ങള്‍ ഒപ്പിയെടുത്ത് വാര്‍ത്തയാക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ സഹതാപത്തോടെ പിള്ളയെ പറ്റി സങ്കടം പറയുന്നു. മത നേതാക്കള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നു, ആശംസകള്‍ നല്‍കുന്നു. ഉടന്‍ ഭരിക്കുവാന്‍ തയ്യാറെടുക്കുന്ന ഒരു മുന്നണി വമ്പന്‍ സ്വീകരണം നല്‍കുന്നു.

ഇടത് സഹയാത്രികന്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള സാക്ഷാല്‍ മമ്മൂട്ടി വീട്ടില്‍ പിള്ളയെ കെട്ടിപ്പിടിച്ച് കരയുന്ന കാഴ്ച്ച അതിനേക്കാള്‍ അസഹനീയമായി. ജയില്‍ ജീവിതത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കുറിച്ച് പലരും പറയുന്നു. ചില മാധ്യമങ്ങള്‍ അച്യുതാനന്ദന്റെ അഹന്തയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? കുറ്റം ചെയ്തതിന്റെ പേരില്‍ നിയമം ശിക്ഷിച്ച പ്രതികള്‍ക്കുവേണ്ടി നാം എന്തിന് ഇങ്ങനെ കണ്ണീര്‍ ഒഴുക്കണം?

ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരന്‍ ഈ പിള്ളയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്തിനേറെ കേരളത്തില്‍ പോലും പിള്ളയേക്കാള്‍ ഏറെ പൊതുമുതല്‍ കട്ട നൂറ് നേതാക്കള്‍ എങ്കിലും കാണും. മറ്റ് സംസ്ഥാനങ്ങളിലെ ചില നേതാക്കളെ വച്ചു നോക്കുമ്പോള്‍ പിള്ളയെ അഴിമതിക്കാരന്‍ എന്ന് പോലും പറയാന്‍ കഴിയില്ല. എങ്കിലും പിള്ള പൊതുമുതല്‍ മോഷ്ടിച്ചതിന്റെ പേരിലാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരും മോഷ്ടിക്കുമ്പോള്‍ എനിക്കു മാത്രം എന്തിന് ശിക്ഷ എന്ന് ചോദിക്കുന്നത് യുക്തി ഭദ്രമല്ല.

പിള്ള ശിക്ഷിക്കപ്പെട്ടതും മറ്റുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതും എന്തുകൊണ്ട് എന്നാണ് നാം ചിന്തിക്കേണ്ടത്. ഇന്ത്യയുടെ ഏറ്റവും വലിയ ശാപം അഴിമതിയാണെന്ന് എത്രയോനാളായി പറയുന്നതാണ്. കാലം ഏറെ മാറി വിദ്യാസമ്പന്നരും ചെറുപ്പക്കാരുമായവര്‍ അധികാരത്തിലെത്തിയിട്ടും ഈ അഴിമതിക്ക് അറുതി വന്നില്ല. മുന്‍പ് സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ നിന്നായിരുന്നു മോഷണം എങ്കില്‍ ഇന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ മനസ്സറിഞ്ഞ് നല്‍കുന്ന കോടാനുകോടികള്‍ ആയി എന്നു മാത്രം.

ഈ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഭരണ-പ്രതിപക്ഷം തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൊണ്ടാണെന്നും എല്ലാവര്‍ക്കും അറിയാം. മാധ്യമ മുതലാളിമാര്‍ ഇത്തരം അഴിമതി കേസിന്റെ ഭാഗമാകുന്നതോടെ ഇത് പലപ്പോഴും വെളിയില്‍ അറിയാതെ പോകുന്നു. ഇനി അഥവാ ഇത്തരം സംഭവങ്ങള്‍ വെളിയില്‍ വന്നാലും ശക്തമായ ഭരണ-പ്രതിപക്ഷ കൂട്ടുകച്ചവടം മൂലം കോടതിയില്‍ എത്തുമ്പോള്‍ തെളിവുകള്‍ ഇല്ലാതെ രക്ഷപെടുന്നു.

അതുകൊണ്ട് തന്നെ മാധ്യമങ്ങളില്‍ വരുന്നതൊന്നും കാര്യമാക്കേണ്ട നമുക്ക് എല്ലാം ഒത്തു തീര്‍ക്കാം എന്നുകരുതി കോടാനുകോടി അടിച്ചുമാറ്റുന്നവരായി മാറിയിരിക്കുകയാണ് രാഷ്ട്രീയത്തിലേയും ഉദ്യോഗസ്ഥ തലത്തിലേയും ഈ അഴിമതിക്കൂട്ടം. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം കേസില്‍ നിന്നും രക്ഷപെടുത്തിയത് സാക്ഷാല്‍ ഇ.കെ നായനാരുടെ ഓഫീസ് ആയിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ വ്യക്തമാണല്ലോ ഈ അഴിമതി കൂട്ടുകെട്ടിന്റെ ആഴം. ശക്തനായ മന്ത്രി ആയി തിരിച്ചുവരുന്നതിന് ഏതാനും മാസം അവശേഷിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി നവീണ്ടും വിചാരണ ചെയ്യപ്പെടുന്നത് പ്രതിഷേധത്തിന്റെ മിടുക്കുകൊണ്ടല്ല, സ്വന്തം അളിയന്റെ പക കൊണ്ടാണെന്ന് ഓര്‍ക്കുമ്പോള്‍ ഇത് വീണ്ടും വ്യക്തമാകുന്നു. ജസ്റ്റിസ് ബാലകൃഷ്ണന്‍, ജസ്റ്റിന്‍ തങ്കപ്പന്‍ വിവാദങ്ങളിലൂടെ വ്യക്തമാകുന്നത് നിയമ സംവിധാനവും ഈ അവിശുദ്ധ കൂട്ടുകെട്ടിനൊപ്പമാണെന്നാണ്.

എന്നിട്ടും എങ്ങനെ പിള്ള മാത്രം ശിക്ഷിക്കപ്പെട്ടു. പിള്ളയ്ക്ക് പ്രത്യേക കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ അതിനെതിരെ അപ്പീല്‍ പോകേണ്ട എന്ന് അന്ന് ഭരിച്ചിരുന്ന യുഡിഎഫ് ചിന്തിച്ചത് സ്വാഭാവികം. എന്നാല്‍ അന്ന് എന്തുകൊണ്ട് പ്രതിപക്ഷം മിണ്ടാതിരിക്കുന്നു എന്ന് ചിന്തിച്ചപ്പോള്‍ മുന്‍പ് പറഞ്ഞ് കൂട്ടുകച്ചവടത്തിന്റെ ആഴം വ്യക്തമാകുന്നു. അതിനു ശേഷം ഇവിടെ അധികാരത്തിലെത്തിയ എല്‍ഡിഎഫും അപ്പീലിന് പോയില്ല. ഇതാണ് ഈ കൂട്ടുകച്ചവടത്തിന്റെ ഒരു രീതി.

എന്നും ഒറ്റയാന്‍ പോരാട്ടം നടത്തിയിരുന്ന അച്യുതാനന്ദന്‍ സ്വന്തം നിലയില്‍ സുപ്രീം കോടതിയില്‍ പോയി നല്‍കിയ പരാതിയാണ് ഇപ്പോള്‍ പിള്ളയെ അഴിക്കുള്ളില്‍ ആക്കിയത്. പിള്ളയ്‌ക്കെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയും കരുണാകരനെതിരെയും ഒക്കെ വിഎസ് ഇങ്ങനെ ഒറ്റയാന്‍ പോരാട്ടം നടത്തിയപ്പോള്‍ അത് ഈ രാജ്യത്ത് നിലനില്‍ക്കുന്ന അവിശുദ്ധ കൂട്ടുകച്ചവട തത്വ ശാസ്ത്രത്തിന് എതിരാവുകയായിരുന്നു. ഇവിടെയാണ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ പ്രസക്തി. വിഎസ് എന്ന മനുഷ്യന്റെ ഇച്ഛാശക്തിയെ നമുക്ക് അഭിനന്ദിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഇയാളെ അവഹേളിക്കാതിരിക്കുവാനുള്ള ഉത്തരവാദിത്തമെങ്കിലുമില്ലേ?

വിഎസിന്റെ വികസന കാഴ്ച്ചപ്പാടുകളോട് നമുക്ക് വിയോജിക്കാം. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിഎസ് പിലര്‍ത്തുന്ന നിഷ്‌കളങ്കമായ സമീപനം ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയുന്നതല്ല. എന്നാല്‍ കേരളത്തില്‍ ഇടത് വലത് കക്ഷികളുടെ അവിശുദ്ധമായ കൂട്ടുകച്ചവടത്തിനെതിരെ വിഎസ് എടുക്കുന്ന ധീരമായ സമീപനം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കുവാന്‍ കഴിയില്ല. പിള്ളയോട് സഹതാപം കാണിക്കുമ്പോള്‍ നാം മറന്നുപോകുന്നത് ഇത്തരം ധീരവും സത്യസന്ധവുമായ ഇടപെടലുകളെകുറിച്ചാണ്.