കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതുവർഷ സമ്മാനമാണ് അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രം.കൊച്ചിയിൽ ചിത്രീകരണം തുടങ്ങിയത് ഇന്നലെയാണ്. രണ്ടു ദിവസത്തിനകം മമ്മൂട്ടിയും എത്തും. ചിത്രത്തിന്റെ ടൈറ്റിൽ മാത്രമാണ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്കോ കഥാപാത്രത്തിന്റെ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഈ സാഹചര്യത്തിലാണ് ചിത്രത്തിലെ നായകൻ ഡെറിക് അബ്രഹാമിന്റെ രൂപം സോഷ്യൽ മീഡിയയിൽ എത്തിയത്. ചിത്രകാരന്റെ ഭാവനയിലാണ് ഈ ലുക്ക് വിടർന്നത്.സാനി യാസ് എന്ന ചിത്രകാരന്റെ ഭാവനയിലാണ് കഥാപാത്രം വിരിഞ്ഞത്. സോൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാണ് ഡെറിക് ഈ ചിത്രത്തിൽ.

സിനിമാ പ്രവർത്തകർ അടക്കം ചിത്രം ഷെയർ ചെയ്തെങ്കിലും ഇതുതന്നെയാണോ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ആരാധകർ ലുക്ക് കണ്ട്ആവേശത്തിലായെങ്കിലും മമ്മൂക്ക സെറ്റിൽ എത്താതെ ഈ ആകാംക്ഷക്ക് വിരാമമില്ല.

ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് മെഗാ സ്റ്റാർ വേഷമിടുന്നത്. ഇരുപത് വർഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്.

മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന മമ്മൂട്ടി ചിത്രം നിർമ്മിച്ചതും ജോബി ജോർജ്ജായിരുന്നു.ചിത്രം വിഷു റിലീസായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.