കൊച്ചി: താരരാജക്കന്മാർ രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിക്കുന്ന പതിവ് കേരളത്തിൽ ഇതുവരെയില്ല. എന്നാൽ ആ ചരിത്രം തിരുത്താനുറക്കുകയാണ് മമ്മൂട്ടി. കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പൂർത്തിയായി. 

സിപിഎമ്മും കൈരളിയുമൊക്കെയായി വലിയ ബന്ധമുള്ള മമ്മൂട്ടിക്ക് മുഖ്യമന്ത്രിക്കസേര അതിമോഹമോ അപ്രാപ്യമോ എന്നുള്ളതൊക്കെ ചർച്ചകൾക്ക് വിടുന്നു. ആദ്യം സിനിമയിലൂടെയാകും മമ്മൂട്ടി മുഖ്യമന്ത്രിയാകുക എന്നു മാത്രം. മമ്മൂട്ടിക്കായുള്ള മുഖ്യമന്ത്രിക്കുപ്പായം അണിയറയിൽ തുന്നിത്തുടങ്ങി. അധികാരമേൽക്കൽ ഉൾപ്പടെയുള്ള കാര്യങ്ങളിലെ ചർച്ചകളും പൂർത്തിയായി. കറതീർന്ന ഒരു വിജയം അനിവാര്യമായിരിക്കുന്ന താരരാജാവിന് ഇക്കളിയിൽ വിജയമുറപ്പിക്കാം. കാരണം അത്രയും പ്രഗത്ഭരാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത്.

സജ്ഞയ്-ബോബി ടീമിന്റേതാണ് തിരക്കഥ. മലയാളത്തിലെ ആദ്യ സമ്പൂർണ്ണ സ്പൂഫ് ചിത്രമെന്ന് നിസ്സംശയം പറയാവുന്ന ചിറകൊടിഞ്ഞ കിനാവുകളെന്ന തകർപ്പൻ ചിത്രമൊരുക്കിയ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഖ്യമന്ത്രിയായ നായകനായി മമ്മൂട്ടിയെത്തും. കട്ടപ്പനയിലെ ഋതിക് റോഷൻ ഫെയിം വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചിത്രത്തിലെ നിർണ്ണായക കഥാപാത്രമായെത്തും. വിഷ്ണുവിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ഗംഭീര വഴിത്തിരിവാകും ചിത്രത്തിലെ കഥാപാത്രമെന്നാണ് വിവരം. അടുത്ത വർഷം അവസാനത്തോടെ ചിത്രം തീയറ്ററിലെത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം. ചിത്രത്തിന്റെ പ്രഖ്യാപനം ജനുവരിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

ആരാധകരുടെ തള്ള് വിജയമൊഴിച്ച് നിർത്തിയാൽ മമ്മൂട്ടിയുടെ എല്ലാവരും കയ്യടിക്കുന്ന ഒരു ചിത്രം തീയറ്റർ കണ്ടിട്ട് കാലമേറെയായി. കഴിഞ്ഞ വർഷങ്ങളിൽ തുടരെ വമ്പൻ ഹിറ്റുകളുമായി മോഹൻലാൽ പ്രതിഫലമുൾപ്പടെയുള്ള കാര്യങ്ങളിൽ ബഹുദൂരം മുന്നിൽ എത്തുന്നതും മെഗാ സ്റ്റാർ പിന്നോട്ടടിക്കപ്പെടുന്നതും മലയാള സിനിമ കണ്ടു. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ വരുന്ന തുടർച്ചയായ പാളിച്ചകളാണ് മമ്മൂട്ടിക്ക് വിനയാകുന്നത്. താരം അക്കാര്യം തിരിച്ചറിഞ്ഞുവെന്ന് വേണം പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് വരുമ്പോൾ മനസിലാക്കേണ്ടത്.

ക്ലീഷേ ചിത്രങ്ങളിലൂടെ പ്രേക്ഷകനെ തന്നിൽ നിന്നും അകറ്റിയ താരത്തിന് മലയാളത്തിലെ നമ്പർ വൺ തിരക്കഥാകൃത്തുക്കൾ ഒരു വമ്പൻ ബ്രേക്ക് നൽകിയേക്കാം. ആരാധകർക്കപ്പുറം മമ്മൂട്ടിയിലെ ഉഗ്രൻ നടനെ സ്നേഹിക്കുന്ന ചലച്ചിത്ര പ്രേമികളും ആഗ്രഹിക്കുന്നത് അതാണ്. മമ്മൂട്ടി രാഷ്ട്രീയക്കാരനായി സിനിമ എത്തിയിട്ട് ഏറെ നാളായി.

നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിൽ മമ്മൂട്ടി മന്ത്രിയുടെ റോളിൽ കത്തിക്കയറിയിരുന്നു. ഐവി ശശിയുടെ ചിത്രങ്ങളിലും തൊഴിലാളി സഖാവായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഒരു ചിത്രത്തിലും മമ്മൂട്ടി മുഖ്യമന്ത്രിയായിട്ടില്ല.