കൊച്ചി: മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം അങ്കിളിലെ അദ്ദേഹം തന്നെ ആലപിച്ച നാടൻ ശൈലിയിലുള്ള പാട്ട് പുറത്തിറങ്ങി. 'എന്താ ജോൺസാ കള്ളില്ലേ ?' എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടി പാടുന്നതിന്റെ മെയ്ക്കിങ് വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബിജിബാൽ ഈണം കൊടുത്തിരിക്കുന്ന പാട്ടാണ് മമ്മൂട്ടി ആലപിക്കുന്നത്.

സംഗീതസംവിധായകനായ ബിജിബാലിനും ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് ദാമോദറിനും ഒപ്പമാണ് മമ്മൂട്ടി സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്നത്. അങ്കിളിന്റെ തിരക്കഥ രചിച്ച ജോയ് മാത്യുവും നടൻ സിദ്ദിഖും മമ്മൂട്ടിക്കൊപ്പമുണ്ട്. ബിജിബാലിന്റെ തന്നെ ഈണത്തിൽ ലൗഡ്‌സ്പീക്കർ, ജവാൻ ഓഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങൾക്കായി മമ്മൂട്ടി പാടിയിട്ടുണ്ട്. ഷാജി എൻ. കരുണിന്റെ കുട്ടിസ്രാങ്ക്, ശ്യാമപ്രസാദിന്റെ ഒരേ കടൽ, രഞ്ജിത്തിന്റെ കയ്യൊപ്പ് എന്നീ ചിത്രങ്ങളിലും അദ്ദേഹം പാട്ടു പാടിയിട്ടുണ്ട്.

ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന അങ്കിളിന്റെ ടാഗ്ലൈൻ 'മൈ ഡാഡ്സ് ഫ്രണ്ട്' എന്നതാണ്. പതിനേഴുകാരിയായ ഒരു പെൺകുട്ടിയുടെയും അവളുടെ പിതാവിന്റെ സുഹൃത്തിന്റെയും കഥ പറയുന്ന ചിത്രമാണിത്. കൃഷ്ണകുമാർ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മെഗാ സ്റ്റാർ ഈ സിനിമയിൽ എത്തുന്നത്. ദുൽഖർ ചിത്രമായ 'സിഐഎ'യിലൂടെ നായികയായി മലയാളത്തിലെത്തിയ കാർത്തിക മുരളീധരൻ തന്റെ രണ്ടാമത്തെ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമെത്തുന്നുവെന്ന അപൂർവതയുമുണ്ട്. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്നത്.