മമ്മൂട്ടിയും പൃഥ്വിയും ടോവിനോയും പതിനെട്ടാം പടിയേറാൻ ഒരുങ്ങുന്നു. എന്നാൽ ശബരിമല സന്നിധാനത്തെ കാര്യമല്ല പറഞ്ഞു വരുന്നത്. കേരള കഫേയ്ക്ക് ശേഷം സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ശങ്കർ രാമകൃഷൻ ചിത്രമാണ് പതിനെട്ടാംപടി. സിനിമയുടെ തിരക്കഥയും സംവിധാനവും ശങ്കർ രാമകൃഷ്ണൻ തന്നെയാണ് നിർവഹിക്കുന്നത്.ഉറുമി, നത്തോലി ചെറിയ മീനല്ല, മൈ സ്റ്റോറി എന്ന ചിത്രങ്ങൾക്ക് പേന ചലിപ്പിച്ച ശേഷം ശങ്കർ എഴുതുന്ന 'പതിനെട്ടാം പടിയിൽ' ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫാൻ മെയ്ഡ്‌പോസ്റ്ററുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. പതിനെട്ടാംപടിയുടെ രണ്ടാം ഷെഡ്യൂൾ പുരോഗമിക്കുകയാണ്. സൂപ്പർ താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നേരത്തെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി വിപുലമായ ഓഡിഷനാണ് അണിയറ പ്രവർത്തകർ സംഘടിപ്പിച്ചത്. 15000 പേർ പങ്കെടുത്ത ഓഡിഷനിൽ നിന്നാണ് ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുത്തത്. വെള്ളിത്തിര എല്ലാവരുടേതും കൂടിയാണ് എന്ന നിവിൻ പോളിയുടെ വാക്കുകൾ ഉപയോഗിച്ചായിരുന്നു കാസ്റ്റിങ് കോൾ. ഓഗസ്റ്റ് സിനിമക്ക് വേണ്ടി ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രം വിഷുവിനു റിലീസാകും.