കൊച്ചി: കസബ സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി മെഗാ സ്റ്റാർ മമ്മൂട്ടി. തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യമെന്നും അദ്ദേഹം പറഞ്ഞു.

നടി പാർവതിയ്‌ക്കെതിരായ സൈബർ ആക്രമണത്തെത്തുടർന്ന് അന്നു തന്നെ അവരെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നെന്നു മമ്മൂട്ടി. പാർവതി തന്നോടു കാര്യങ്ങൾ പറഞ്ഞിരുന്നു. വിവാദങ്ങൾക്കു പിറകെ പോവാറില്ല. വേണ്ടത് അർഥവത്തായ സംവാദങ്ങളാണ്. വിദേശത്തായതിനാൽ പലതും ശ്രദ്ധിക്കാനായില്ല.

തനിക്കായി പ്രതികരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്‌കാരസ്വാതന്ത്ര്യം പോലെ അഭിപ്രായസ്വാതന്ത്യവും പ്രധാനമാണ്. അഭിപ്രായങ്ങൾ സ്വതന്ത്രവും സഭ്യവും ആവണമെന്നും മമ്മൂട്ടി പറഞ്ഞു. പാർവതിയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ മമ്മൂട്ടിയുടെ ആദ്യ പ്രതികരണമാണിത്. മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധതയെ പാർവതി വിമർശിച്ചതാണ് സൈബർ ആക്രമണത്തിനു കാരണമായത്.

മമ്മൂട്ടി ചിത്രമായ കസബ സ്്ത്രീ വിരുദ്ധ ചിത്രമാണെന്ന പാർവതിയുടെ പരസ്യപ്രതികരണത്തിന് പിന്നാലെയാണ് മമ്മൂട്ടിയുടെ ഫാൻസുകാർ പാർവതിക്കെതിരെ സൈബർ ആക്രമണം നടത്തിയത്. തീർത്തും അറപ്പുളവാക്കുന്ന രീതിയിലായിരുന്നു പലരുടെയും പ്രതികരണം. വിവാദത്തിന് പിന്നാലെ മമ്മൂട്ടി തന്നെ നിലപാട് വ്യക്തമാക്കണമെന്ന അഭിപ്രായവുമായി ചില വനിതാ സംഘടനകളും സാംസ്‌കാരിക നായകരും രംഗത്തെത്തിയിരുന്നു