കൊച്ചി: മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചതിന് പിന്നാലെ നടി പാർവ്വതിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ ഭാഗമായി താരം അഭിനയിച്ച ഗാനരംഗത്തിനെതിരെയും മമ്മൂട്ടി ആരാധകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ചിത്രത്തിന്റെ ടീസർ മമ്മൂട്ടി തന്നെ പുറത്ത് ആരാധകരുടെ വായടപ്പിച്ചത്. ഉടൻ തന്നെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് ആരാധകർ മോശം പ്രതികരണം നൽകുന്നത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മമ്മൂട്ടി തന്നെ ടീസർ പുറത്തിറക്കിയതോടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

റോഷ്‌നി ദിവാകർ സംവിധാനം ചെയ്ത് പൃഥ്വിരാജും പാർവ്വതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിനെതിരെയാണ് ആരാധകർ പ്രതിഷേധം ആരംഭിച്ചിരുന്നത്. ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന പാട്ടിന് ഡിസ് ലൈക്ക് ചെയ്താണ് പ്രതിഷേധം. ഇഷ്ടമായില്ല എന്ന അർഥത്തിൽ യുട്യൂബിൽ ഈ പാട്ടിന് പ്രേക്ഷകർ നൽകിയ ഡിസ്‌ലൈക്കുകളുടെ എണ്ണം ലക്ഷം കവിഞ്ഞിരുന്നു. ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ഹരിനാരായണനാണ് എഴുതിയത്. പാടിയത് ബെന്നി ദയാലും മഞ്ജരിയും.

ഗാനരംഗത്തെ പരിഹസിച്ച് നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നുവെന്നാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാനും സംവിധായിക റോഷ്‌നി ദിനകറും പ്രതികരിച്ചിരുന്നു.