ബംഗളൂരു: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകൾ, തെന്നിന്ത്യൻ യുവനടൻ ദുൽഖറിന്റെ സഹോദരി, രാജ്യത്തെ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാവിദഗ്ധന്റെ ഭാര്യ- ഈ വിശേഷണങ്ങൾക്കപ്പുറം മേൽവിലാസം ഉണ്ടാക്കുകയാണ് സുറുമിയുടെ ലക്ഷ്യം.

സ്വന്തം പ്രതിഭകൊണ്ടു പുതിയ പ്രശസ്തിയുടെ വഴി വെട്ടുകയാണ് സുറുമി മമ്മൂട്ടി എന്ന ചിത്രകാരി. ഇന്ത്യയിലെ മഹാനഗരങ്ങളിലെ പ്രകൃതിദൃശ്യങ്ങൾ കോർത്തിണക്കിയുള്ള സുറുമിയുടെ ചിത്രങ്ങൾ വിൽപ്പനയ്ക്ക് എത്തുന്നു., നടൻ മമ്മൂട്ടിയുടെ മകൾ സുറുമി വരച്ച ഏതാനും ചിത്രങ്ങൾ വിൽപ്പനയ്ക്കൊരുങ്ങിയിരിക്കുകയാണ്. മമ്മൂട്ടി, സുറുമി, ഭർത്താവ് ഡോ. റെയ്ഹാൻ സയ്യദ് എന്നിവർ ട്രസ്റ്റിമാരായുള്ള 'വാസ്' എന്ന സന്നദ്ധസംഘടനയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടിയാണ് ഇത്.

വിദേശത്തുംമറ്റും പോയിവരുമ്പോൾ ചിത്രരചനയ്ക്കുവേണ്ട ഉപകരണങ്ങളും വർണങ്ങളും സുറുമിക്ക് സമ്മാനമായി വാങ്ങുമായിരുന്നു മമ്മൂട്ടി. ഇതായിരുന്നു ആദ്യ ആവേശം. അച്ഛന്റെ ഈ സമ്മാനങ്ങൾ സുറുമിയിലെ ചിത്രകാരിയെ വളർത്തി. സ്‌കൂൾതലത്തിൽ ചിത്രരചനയ്ക്ക് ധാരാളംസമ്മാനങ്ങൾ ലഭിച്ചിരുന്നു. അപ്പോൾ ദുൽഖറും പ്രോൽസാഹിപ്പിച്ചു. ചിത്രരചനയോടുള്ള അഭിനിവേശംകൊണ്ടാണ് ഫൈൻ ആർട്സിൽ ബിരുദ, ബിരുദാനന്തരപഠനങ്ങൾ നടത്തിയത്.

ചെന്നൈ സ്റ്റെല്ലാ മേരീസിൽനിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടിയ സുറുമി ലണ്ടൻ ചെൽസി കോളേജ് ഓഫ് ആർട്സിൽനിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. ഇതൊന്നും സുറുമി ആഘോഷമാക്കിയില്ല. നല്ലൊരു നിമിഷത്തിനായി കാത്തിരുന്നു. ഇനി ചിത്രകലയിൽ സജീമാകാനാണ് പദ്ധതി. വളരെ ആസ്വദിച്ചാണു ചിത്രങ്ങൾവരയ്ക്കുന്നതെന്ന് സുറുമി പറഞ്ഞു.

ചിത്രരചനയുടെ എല്ലാഘട്ടങ്ങളിലും ഡോ. റെയ്ഹാൻ നൽകുന്ന പിന്തുണ കൂടുതൽവരയ്ക്കാൻ പ്രചോദനംനൽകുന്നു. അതുപോലെ ഡാഡിയും മമ്മയും സഹോദരൻ ദുൽഖർ സൽമാനും നല്ലപിന്തുണയാണു നൽകുന്നത്. കുറച്ചുചിത്രങ്ങൾകൂടി വരച്ചശേഷം പ്രദർശനം സംഘടിപ്പിക്കാനും സുറുമിക്ക് പദ്ധതിയുണ്ട്.