കൊച്ചി: പൃഥ്വിരാജും പാർവതിയും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം മൈ സ്‌റ്റോറിയുടെ ട്രൈലർ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച് നടൻ മമ്മൂട്ടി എത്തിയത് വലിയൊരു സന്ദേശം നൽകാനായിരുന്നു. പാർവ്വതിയോട് തനിക്ക് വിരോധമൊന്നുമില്ലെന്ന സന്ദേശം. എന്നാൽ മമ്മൂട്ടിയുടെ ഫാൻസുകാരുടെ രോഷം ഇതിലൂടെ തീരുന്നില്ല.

രോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ നേരത്തെ ഡിസ്‌ലൈക് ക്യാമ്പയിനുകൾ ഉണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു. ചിത്രത്തിലെ പാട്ടുകൾക്ക് യൂട്യൂബിൽ റൊക്കോർഡ് ഡിസ്‌ലൈക്കുകളാണ് ലഭിച്ചത്. മമ്മൂട്ടി ലൈക്ക് ചെയ്തിട്ടും ഈ ഡിസ് ലൈക്കുകൾ കുറയുന്നില്ല.

കസബ വിവാദത്തെ തുടർന്ന് മമ്മൂട്ടി ഫാൻസടക്കമുള്ള പ്രേക്ഷകരിൽ നിന്ന് പാർവതിക്കെതിരെയും ഗീതു മോഹൻദാസ്, റിമാ കല്ലിങ്കൽ എന്നിവരടങ്ങിയ ഡബ്ല്യ.സി.സിക്കെതിരെയും സോഷ്യൽ മീഡിയാ ആക്രമണമുണ്ടാവുകയും ഇതേ തുടർന്ന് മാസങ്ങളോളം മമ്മൂട്ടിയും പാർവതിയും വാർത്തകളിൽ നിറഞ്ഞു നിൽകുകയും ചെയ്തിരുന്നു.

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ വേഷം സ്ത്രീ വിരുദ്ധത പ്രചരിപ്പിച്ചെന്ന പാർവ്വതിയുടെ വാക്കുകളായിരുന്നു ഇതിന് കാരണം. സൈബർ ആക്രമണങ്ങൾ പൊലീസ് കേസിലുമെത്തി. ചിലർ അറസ്റ്റിലായി. ഇതോടെ ഫാൻസുകാരുടെ ഇടപെടലിനെ വിമർശിച്ച് മമ്മൂട്ടി തന്നെ രംഗത്ത് വന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ട്രെയിലർ മമ്മൂട്ടി തന്നെ പങ്കവച്ചത്.

എന്നാൽ പാർവ്വതി മാപ്പ് പോലും പറഞ്ഞില്ല. അതുകൊണ്ട് തന്നെ ഇത്രയും സുമനസ്സ് അവരോട് കാണിക്കേണ്ടതില്ലെന്നാണ് ഫാൻസുകാരുടെ നിലപാട്. അതുകൊണ്ട് അവർ ഡിസ് ലൈക്കുകൾ തുടരുകയാണ്.