തിരുവനന്തപുരം: ഉദ്ഘാടന മാമാങ്കങ്ങൾ പലപ്പോഴും ട്രാഫിക്ക് ബ്ലോക്കിന് വഴിവെക്കാറുണ്ട്. ഉദ്ഘാടനം ചെയ്യാൻ എത്തുന്നത് ഇനി വല്ല ചലച്ചിത്ര താരങ്ങളുമാണെങ്കിൽ പറയുകയും വേണ്ട.ഇത്തരം സന്ദർഭങ്ങൾ ആ താരത്തിന്റെ ആരാധകരുടെ അനിഷ്ടങ്ങൾക്ക് പോലും വഴിവെക്കാറുണ്ട്.എന്നാൽ ഗതാഗക്കുരുക്കിന് താൻ കാരണക്കാരാവാൻ പാടില്ലെന്ന് കരുതി മമ്മൂട്ടി നടത്തിയ ഇടപെടലും അദ്ദേഹത്തിന്റെ വാക്കുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്.

ഹരിപ്പാട് പുതുതായി ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുമുണ്ട്. വഴി ബ്ലോക്ക് ആകുന്ന അത്ര ജനക്കൂട്ടത്തെ കണ്ട് പരിപാടി വേഗം നടത്തി താൻ പോകാമെന്നും, അത്യാവശ്യക്കാരുടെ വഴി മുടക്കുന്നത് ശരിയല്ലലോ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

നമ്മൾ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ചെയ്ത് നിർത്തിയിരിക്കുകയാണ് ഈ പരിപാടി വേഗം തീർത്ത് പോയാലേ അത്യാവശ്യക്കാർക്ക് അവരുടെ ആവശ്യങ്ങൾക്ക് പോകാൻ സാധിക്കുള്ളു, നമ്മൾ സന്തോഷിക്കുന്നവരാവാം പക്ഷേ അവർക്ക് ഒരുപാട് ആവശ്യങ്ങൾ ഉണ്ടാവും അതുകൊണ്ട് ഞാൻ ഇത് വേഗം നടത്തി പോകും, നമ്മുക്ക് പിന്നെ കാണാം', മമ്മൂട്ടി പറഞ്ഞു.

സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ട്രോളുകളിലും സോഷ്യൽ മീഡിയയിലും മമ്മൂട്ടിയാണ് ചർച്ച. വൻ ജനതിരക്ക് ആയിരുന്നു ഹരിപ്പാട് അനുഭവപ്പെട്ടത്.ഹരിപ്പാട് എംഎ‍ൽഎ രമേശ് ചെന്നിത്തല, നിർമ്മാതാവ് ആന്റോ ജോസ്ഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂർത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങൾ. ഭീഷ്മ പർവ്വത്തിനു ശേഷം അമൽ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

അഖിൽ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.