തിരുവനന്തപുരം: മമ്മൂട്ടിയുടെ ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ ചിത്രം 'ഭീഷ്മപർവ്വ'ത്തിന്റെ 115 കോടി വിജയത്തിന് ശേഷം 112 കോടിയുമായി ദുൽഖറിന്റെ മെഗാ ബ്ലോക്ക് ബസ്റ്റർ 'കുറുപ്പും' 100 കോടിക്കിലുക്കത്തിൽ ഇടം നേടിയിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും ഏതാണ്ട് ഒരേ ട്രാക്കിലേക്ക് കടന്നിരിക്കുന്നു എന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്.

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ കോളിളക്കം സൃഷിടിച്ച സിനിമയായിരുന്നു ഭീഷ്മപർവം.100 ക്ലബിൽ ഇടം നേടിയ ചിത്രം 115 കോടിയിലേക്ക് എത്താൻ അധികം വൈകിയില്ല. കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് 'ഭീഷ്മപർവം' ആണ്. മികച്ച പ്രതികരണമാണ് ഭീഷ്മയ്ക്ക് തുടക്കം മുതലേ ആഗോളതലത്തിൽ നിന്നടക്കം ലഭിച്ചിരുന്നത്. ചിത്രം ഒന്നിലേറെ തവണ കണ്ട ആരാധകരാണ് വീണ്ടും തിയേറ്ററുകളിൽ ആവേശഭരിതരായി എത്തിയത്.

 

അതേ സമയം ദുൽഖർ സൽമാൻ നായകനായെത്തി 2021-ൽ പുറത്തിറങ്ങിയ 'കുറുപ്പ്' മറ്റൊരു തരംഗമാണ് സൃഷ്ടിച്ചത്. 112 കോടിക്കപ്പുറം മെഗാ ബ്ലോക്ക് ബസ്റ്റർ എന്ന ഖ്യാതി കൂടി നേടിയിട്ടുണ്ട്. ഒപ്പം 'കുറുപ്പി'ന്റെ സംപ്രേഷണാവകാശം സീ കമ്പിനിക്ക് നൽകിയിരിക്കുകയാണ് നിർമ്മാതാക്കൾ. മലയാള സിനിമയിൽ വലിയ മുന്നേറ്റമാണ് മമ്മൂട്ടിയും ദുൽഖറും രണ്ട് ബ്ലോക്ക് ബസ്റ്ററിലൂടെ സമ്മാനിച്ചത്.