- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ച നീണ്ട് നിൽക്കുന്ന മമ്പുറം മഖാമിലെ പ്രസിദ്ധമായ ആണ്ടുനേർച്ചക്ക് കൊടിയേറി; ചരിത്രത്തിൽ ആദ്യമായി മമ്പുറത്ത് തീർത്ഥാടകരില്ലാത്ത ആണ്ടുനേർച്ച; ചടങ്ങുകൾ മുഴുവൻ ഓൺലൈൻ വഴി സംപ്രേഷണം ചെയ്യും; സംഭാവനകൾ സ്വീകരിക്കലും ഓൺലൈൻ വഴി; ഇത്തവണ അന്നദാനത്തിനും നിയന്ത്രണം
മലപ്പുറം: കേരളത്തിലെ പ്രസിദ്ധമായ ഇസ്ലാമിക തീർത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലെ ആണ്ടുനേർച്ചയ്ക്ക് കൊടിയേറി. 182ാമത് ആണ്ടുനേർച്ചക്കാണ് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടികയറ്റം നിർവ്വഹിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി തീർത്ഥാടകരില്ലാത്ത ആണ്ടുനേർച്ചയാണ് ഇക്കുറി മമ്പുറത്ത് നടക്കുക. ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ചടങ്ങുകളിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ തീർത്ഥാടക സാന്നിധ്യമില്ലാതെയായിരിക്കും ഇക്കുറി മമ്പുറം ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 182-ാമത് ആണ്ടുനേർച്ച ചടങ്ങുകൾ പൂർത്തിയാക്കുക.
മമ്പുറം മഖാമിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് തീർത്ഥാടകരെ പങ്കെടുപ്പിക്കാതെ ആണ്ടുനേർച്ച നടത്തുന്നത്. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ആണ്ടുനേർച്ചയുടെ മുഴുവൻ ചടങ്ങുകളും ഓൺലൈൻ വഴി തത്സമയ സംപ്രേഷണം ചെയ്യാനാണ് മഖാം നടത്തിപ്പുകാരായ ദാറുൽഹുദാ മാനേജിങ് കമ്മിറ്റിയുടെ തീരുമാനം. മഖാം സന്ദർശനം സാധ്യമെല്ലാത്തതിനാൽ നേർച്ചകളും സംഭാവനകളും ഓൺലൈൻ വഴി അടക്കുന്നതിന് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ആണ്ടുനേർച്ചയിൽ നേരിട്ടു പങ്കെടുക്കാൻ സാധ്യമല്ലാത്തതിനാൽ നേർച്ചയുടെ മുഴുവൻ ചടങ്ങുകളും വിവിധ ചാനലുകൾ വഴി തത്സമ സംപ്രേഷണം ചെയ്യുന്നുണ്ട്.
മമ്പുറം മഖാമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, യൂട്യൂബ് ചാനൽ, ഫേസ്‌ബുക്ക് പേജ് എന്നിവയിലും എസ്.കെ.ഐ.സി.ആർ യൂട്യൂബിലും ഫേസ്‌ബുക്കിലും ദർശന ടി.വിയിലും ചടങ്ങുകൾ സംപ്രേഷണം ചെയ്യും.കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാതലത്തിൽ ഇത്തവണ അന്നദാനത്തിനും നിയന്ത്രണങ്ങളുണ്ടാകും. സാധാരണ നേർച്ച അവസാനിക്കുന്ന ദിവസം ഒരു ലക്ഷണത്തിസധികം ആളുകളാണ് മമ്പുറത്തെ പ്രസിദ്ധമായ അന്നദാനത്തിൽ പങ്കെടുക്കാറുള്ളത്.
മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടികയറ്റം നടത്തിയതോടെയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആണ്ടുനേർച്ചക്ക് ഔദ്യോഗിക തുടക്കമായത്. മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. മമ്പുറം ഖത്തീബ് വി.പി അബ്ദുല്ല ക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. ഇന്നലെ രാത്രി നടന്ന മമ്പുറം സ്വലാത്ത് സദസ്സിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വം നൽകി. ഇന്ന് രാത്രി മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് നടക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി മജ്‌ലിസുന്നൂറിന് നേതൃത്വം നൽകും.നാളെ മുതൽ മതപ്രഭാഷണങ്ങൾ നടക്കും. നാളെ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തും. 23 ന് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും സിംസാറുൽഹഖ് ഹുദവി പ്രഭാഷണവും നടത്തും. 25 ന് അൻവർ മുഹ് യിദ്ദീൻ ഹുദവി പ്രഭാഷണം നടത്തും. സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. 25 ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 26 ന് ബുധനാഴ്ച ദിക്‌റ് ദുആ സമ്മേളനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷനാകും.
വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ ആമുഖ പ്രാർത്ഥന നടത്തും. ദിക്‌റ് ദുആ സദസ്സിന് സയ്യിദ് ഫദ്ൽ തങ്ങൾ മേൽമുറി നേതൃത്വം നൽകും.27 ന് വ്യാഴാഴ്ച മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
ആണ്ടുനേർച്ചയുടെ ആദ്യദിനമായ ഇന്നലെ നടന്ന സ്വലാത്ത് സദസ്സിൽ പങ്കെടുക്കാനും മമ്പുറത്തേക്ക് തീർത്ഥാടകരുടെ പ്രവാഹമുണ്ടായില്ല. സാധാരണ ആണ്ടുനേർച്ചയുടെ ഭാഗമായുള്ള സ്വലാത്ത് സദസ്സിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് മമ്പുറത്തെത്താറുള്ളത്. എന്നാൽ ഇത്തവണ വിശ്വാസികൾ വിവിധ ചാനലുകൾ വഴി ഓൺലൈനിൽ പങ്കെടുത്ത് ആത്മീയ സായൂജ്യം നേടി.രണ്ട് നൂറ്റാണ്ടിനിപ്പുറവും മുടക്കമില്ലാതെ സ്വലാത്ത് സദസ്സ് നടന്നുവരുന്നുണ്ട്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് സ്വലാത്ത് സദസ്സ്.ഇന്നലെ മഖാമിൽ നടന്ന സ്വലാത്ത് സദസ്സിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വം നൽകി. മമ്പുറം ഖത്തീബ് വി.പി അബ്ദുല്ല ക്കോയ തങ്ങൾ, ഇസ്ഹാഖ് ബാഖവി ചെമ്മാട് സംബന്ധിച്ചു.
മറുനാടന് മലയാളി ബ്യൂറോ