- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനർജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന് അമിത് ഷാ; ബിജെപി എത്ര ഗോളടിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് മമതയും; ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ വാക് പോര് കടുക്കുന്നു
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപിയേയും കോൺഗ്രസിനേയും ഇടതുപക്ഷത്തേയും തനിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ബിജെപിയെ അനുവദിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. ബിജെപിക്കിവിടെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ മമത, ബിജെപി എത്ര ഗോളടിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനർജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതയുടെ വെല്ലുവിളി.
ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്തായിരുന്നു അമിത് ഷാ മമതയെ വെല്ലുവിളിച്ചത്. ജയ് ശ്രീ റാം വിളിക്കുന്നത് ബംഗാളിൽ എന്തുകൊണ്ടാണ് കുറ്റകരമാകുന്നതെന്നും അമിത് ഷാ ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനർജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലല്ലെങ്കിൽ പാക്കിസ്ഥാനിലാണോ ജയ് ശ്രീറാം മന്ത്രം മുഴങ്ങേണ്ടതെന്നായിരുന്നു അമിത് ഷായുടെ ചോദ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയും മമതാ ബാനർജിയുടെ ഉന്മൂലന മാതൃകയും തമ്മിലായിരിക്കും പോരാട്ടമെന്നും അമിത് ഷാ പറഞ്ഞു. അക്രമ ഭരണം അവസാനിപ്പിച്ച് ബംഗാളിൽ വികസന മുന്നേറ്റം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ബംഗാളിൽ ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ ആർക്കും കഴിയില്ല. ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ ജയ് ശ്രീറാം വിളി ഉയർന്നതിൽ മമത പരസ്യമായി നീരസം പ്രകടിപ്പിക്കുകയും പ്രസംഗിക്കാതെ മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലും മമത പങ്കെടുത്തിരുന്നില്ല.
റോയൽ ബംഗാൾ കടുവയെപ്പോലെ തല ഉയർത്തിപ്പിടിച്ച് തന്നെ ജീവിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ ഭീഷണിയിൽ വീണുപോകുന്ന ദുർബലയല്ല താനെന്നും അവർ കൂട്ടിച്ചേർത്തു. ബഹറാംപൂരിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മമത. "ഞാൻ ദുർബലനാണെന്ന് കരുതരുത്, ഞാൻ ഒന്നിനെയും ഭയപ്പെടുന്ന ആളല്ല. ഞാൻ ശക്തയാണ്, ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ തല ഉയർത്തിപ്പിടിക്കും, അതുവരെ ഞാൻ ഒരു റോയൽ ബംഗാൾ കടുവയെപ്പോലെ ജീവിക്കും. "- മമത പ്രഖ്യാപിച്ചു.
മുർഷിദാബാദിൽ സംസാരിക്കവേ, തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കളെ പരിഹസിക്കാനും മമത മറന്നില്ല. ചില വികൃതികളായ പശുക്കൾ ബിജെപിയിലേക്ക് പോയെന്നും, അവരിപ്പോൾ അവിടെ ചെന്ന് ശബ്ദമുണ്ടാക്കുകയാണെന്നും മമത പരിഹസിച്ചു. ഇനിയും അത്തരത്തിൽ തൃണമൂൽ വിടാൻ ആഗ്രഹിക്കുന്ന പശുക്കൾ വേഗം പോകണമെന്നും മോശം പശുക്കളുള്ള തൊഴുത്തിനെക്കാളും പശുക്കളില്ലാത്ത തൊഴുത്താണ് നല്ലതെന്നും പറഞ്ഞ മമത ബാനർജി തൃണമൂൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. "അഴിമതിക്കാരായവർ അഴിമതിക്ക് തല കുനിക്കുന്നു. കനത്ത കള്ളക്കടത്ത് കേസിലോ കൽക്കരി കുംഭകോണത്തിലോ പിടിക്കപ്പെടുമെന്ന് അവർ ഭയപ്പെടുന്നു എന്നും മമത പറഞ്ഞു.
പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് ബിജെപി വലിയ വെല്ലുവിളി ഉയർത്തുമ്പോഴും ജനങ്ങൾക്കിഷ്ടം ദീദിയെ തന്നെയെന്ന് സർവെ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് മമത ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. ടൈംസ് നൗ- സീ വോട്ടർ സർവ്വേ അനുസരിച്ച് സംസ്ഥാനത്തെ പകുതിലധികം ആളുകളും മുഖ്യമന്ത്രിയായി മമത തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. 54.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതയെ പിന്തുണയ്ക്കുന്നത്.
22.6 ശതമാനം പേർ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനേയും 7.3 ശതമാനം പേർ മുകുൾ റോയിയേയും പിന്തുണയ്ക്കുന്നുവെന്ന് സർവേ പറയുന്നത്. സിപിഐ.എമ്മിന്റെ സുജൻ ചക്രബർത്തിയെ 4.1 ശതമാനം പേരും സൗരവ് ഗാംഗുലിയെ 4.5 ശതമാനം പേരും പിന്തുണയ്ക്കുന്നു. അധിർ രഞ്ജൻ ചൗധരിയേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 1.8 ശതമാനം പേർ പിന്തുണയ്ക്കുന്നു.
അതേസമയം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ ശക്തമായ പ്രകടനമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രിൽ മാസത്തിലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളിൽ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്ന് ചില നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ