- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധി അത്ര പോര; മോദിക്ക് ബദലായി ഉയർന്നുവരാൻ രാഹുലിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല; മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ മുഖപത്രം; ദേശീയ രാഷ്ട്രീയം ബംഗാൾ മുഖ്യമന്ത്രിക്ക് പിന്നാലെ തിരിയുമോ?
കൊൽക്കത്ത: കേന്ദ്ര സർക്കാറിനും ബിജെപിക്കും എതിരായ ആക്രമണം ദേശീയ തലത്തിൽ ശക്തമാക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ തന്നെ ബദൽ നിലപാടുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ ഒരുങ്ങുമ്പോൾ തന്നെ മമത ബാനർജി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ രാഹുൽ ഗാന്ധിയല്ലെന്നും അത് മമതാ ബാനർജിയാണെന്നും പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. തൃണമൂൽ മുഖപത്രമായ ജാഗോ ബംഗ്ലയിൽ വെള്ളിയാഴ്ച ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വിശകലനവാർത്തയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിലെ അവിഭാജ്യ ഘടകമാണ് കോൺഗ്രസ് പാർട്ടി. പക്ഷേ, നിരവധി അവസരങ്ങൾ ലഭിച്ചിട്ടും മോദിക്ക് ബദലായി ഉയർന്നുവരാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചില്ല. മോദിക്ക് ബദലായി മമതാ ബാനർജിയെ ഉയർത്തിക്കാട്ടി കാമ്പയിൻ നടത്തണമെന്നും ലേഖനത്തിൽ പറയുന്നു.
തൃണമൂലിന്റെ മുതിർന്ന നേതാവും ലോക്സഭയിലെ കക്ഷിനേതാവുമായ സുധീപ് ബന്ദോപാധ്യായ ഒരു പാർട്ടി യോഗത്തിൽ നടത്തിയ പ്രസംഗത്തെ പരാമർശിച്ചുകൊണ്ടാണ് ജാഗോ ബംഗ്ലയിലെ ലേഖനം. രാജ്യത്തിന് ഒരു ബദൽ ആവശ്യമാണെന്നും സുധീപ് ബന്ദോപാധ്യായെ ഉദ്ധരിച്ചുകൊണ്ട് പത്രം അഭിപ്രായപ്പെട്ടു. 'എനിക്ക് രാഹുൽ ഗാന്ധിയെ വർഷങ്ങളായി അറിയാം. പക്ഷേ അദ്ദേഹം മോദിക്ക് ബദലായി ഉയർന്നുവരുന്നതിൽ പരാജയപ്പെട്ടുവെന്ന് പറയാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. രാജ്യത്തിന് മുഴുവൻ ഇപ്പോൾ മമതയെ ആവശ്യമാണ്. മുഴുവൻ പ്രതിപക്ഷ പാർട്ടികളോടും സംസാരിച്ച് മമതയെ ഒരു ബദലായി ഉയർത്തിക്കാട്ടണം.'- ബന്ദോപാധ്യായ പറഞ്ഞു.
ഈ മാസം 15ന് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് സുധീപ് ബന്ദോപാധ്യായ ഇക്കാര്യങ്ങൾ പറഞ്ഞത്. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതാണ് പത്രത്തിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. അതിൽ കൂടുതലൊന്നും പറയാനില്ലെന്നം അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാൻ ചില പാർട്ടികൾ വിമുഖത കാണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇതിനെ ശരിവെയ്ക്കുന്നതാണ് തൃണമൂൽ കോൺഗ്രസിന്റെ ലേഖനം.
അതേസമയം ലേഖനത്തിനും, മമതയ്ക്കുമെതിരെ പശ്ചിമ ബംഗാൾ പിസിസി അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. മമതയ്ക്ക് അധികാരക്കൊതിയാണെന്നും,മറ്റ് പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് അവരുടേതെന്നും അധീർ രഞ്ജൻ കുറ്റപ്പെടുത്തി.
മറുനാടന് ഡെസ്ക്