- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബിജെപി വാഗ്ദാനം ചെയ്ത രാമ രാജ്യമല്ല ഇത്; കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി; കർഷകർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാൻ ആഗ്രഹിക്കുന്നില്ല'; രൂക്ഷ വിമർശനവുമായി മമത ബാനർജി
കൊൽക്കത്ത: ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കർഷകർ കൊലപ്പെട്ട സംഭവത്തിൽ ബിജെപിക്ക് രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വളരെ വിഷമിപ്പിക്കുന്നതും ദൗർഭാഗ്യകരവുമായ കാര്യങ്ങളാണ് അരങ്ങേറിയതെന്ന് മമത പറഞ്ഞു. ഭവാനിപുരിലെ ഗുരുദ്വാര സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമതാ ബാനർജി.
'ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യമില്ല. ഏകാധിപത്യമാണ്. കർഷകർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാൻ ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ അവിടെ സെഷൻ 144 ഏർപ്പെടുത്തിയത്. ബിജെപി വാഗ്ദ്ധാനം ചെയ്ത രാമ രാജ്യമല്ല ഇത്. കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി.' മമതാ ബാനർജി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് യു.പിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനം കർഷക സമരത്തിന് നേരേ പാഞ്ഞ് കയറിയത്. നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കർഷകർ മൃതദേഹങ്ങളുമായി സമരം ചെയ്തിരുന്നു. കൊല്ലപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകാമെന്നും ജുഡീഷ്യൽ അന്വേഷണം നടത്താമെന്നും ഉറപ്പ് നൽകിയതോടെയാണ് കർഷകർ സമരം അവസാനിപ്പിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിട്ടുനൽകുകയും ചെയ്തു
സംഭവസ്ഥലത്തേക്ക് വരാൻ ശ്രമിച്ച പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ യു.പി പൊലീസ് വിവിധ സ്ഥലങ്ങളിൽ തടഞ്ഞതും അറസ്റ്റ് ചെയ്തതും പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമരത്തിന് പൂർണ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
ഇതിനിടെ ഉത്തർ പ്രദേശിൽ നിന്നുള്ള ബിജെപി എംപിയായ വരുൺ ഗാന്ധി കർഷകർ കൊല്ലപ്പെട്ടതിനെ അപലപിച്ച് രംഗത്ത് വന്നിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകണമെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്