ഭബാനിപ്പൂർ: ലോകസമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ റോമിലേക്ക് പോകാനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയതിന് പിന്നാലെ കേന്ദ്രസർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'എത്ര സ്ഥലങ്ങളിൽ പോകുന്നതിനാണ് വിലക്ക് ഏർപ്പെടുത്താൻ സാധിക്കുക? എല്ലാക്കാലവും നിങ്ങൾക്കെന്നെ തടയാനാവില്ല'-മമത ബാനർജി പറഞ്ഞു. ഭബാനിപ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു 'മമതയുടെ പരാമർശം.

ഇറ്റലിയിലെ കത്തോലിക്ക ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത മാസം നടക്കുന്ന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ, ജർമൻ ചാൻസലർ ആഞ്ജല മാർക്കൽ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. ഒരു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം മമതയ്ക്ക് അനുമതി നിഷേധിച്ചത്. നേരത്തെ, ചൈന സന്ദർശിക്കുന്നതിനും മമതയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.

ഇന്ത്യയിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുള്ള ഒരേയൊരു നേതാവാണ് മമത ബാനർജി. മമതയുടെ സാമൂഹ്യ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ക്ഷണത്തെ വിലയിരുത്തിയിരുന്നത്. സമ്മേളന വേദിയിൽ പ്രഭാഷണം നടത്താനും മമതയ്ക്ക് അവസരം ലഭിച്ചിരുന്നു.

'വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ എനിക്ക് താതപര്യമില്ല. പക്ഷേ, ഇത് രാഷ്ട്രത്തിന് ലഭിച്ച ബഹുമാനമായിരുന്നു. പ്രധാനമന്ത്രി ഹിന്ദുക്കളെ കുറിച്ച് നിരന്തരം സംസാരിക്കുന്നു. ഞാനും ഒരു ഹിന്ദു സ്ത്രീയാണ്. എന്തുകൊണ്ടാണ് എന്നെ പോകാൻ അനുവദിക്കാത്തത്? നിങ്ങൾക്ക് അസൂയയാണ്.' മമത പറഞ്ഞു. ഞങ്ങൾ സ്വാതതന്ത്ര്യം സംരക്ഷിക്കും. താലിബാനി ബിജെപിക്ക് ഇന്ത്യയിൽ സ്ഥാനമില്ലാതാക്കും. ബിജെപിയെ പുറത്താക്കാൻ തൃണമൂൽ ഒറ്റയ്ക്ക് മതിയാകും. കളികൾ ഭബാനിപ്പൂരിൽ നിന്നാണ് ആരംഭിക്കുന്നത്. അവസാനിക്കുന്നത് രാജ്യത്താകെ ജയിച്ചതിന് ശേഷവും'-മമത പറഞ്ഞു.