തിരുവനന്തപുരം: ചിലസിനിമകൾ അങ്ങനെയാണ് ജീവിതത്തെ അങ്ങേയറ്റം സ്പർശിക്കും. അരികെ, കഥ തുടരുന്നു, മൈബോസ് എന്നീ സിനിമകൾ ഞാൻ ഏറെ ആസ്വദിച്ച് ചെയ്ത സിനിമകളാണ്. ഇതുപറയുന്നത് ദക്ഷിണേന്ത്യൻ നായിക മംമ്താ മോഹൻദാസ്. നീലിയാണ് ഒടുവിൽ റിലീസായ ചിത്രം. നയൻ, ലൂസിഫർ എന്നീ സിനിമകളുടെ ചിത്രീകരണം നടക്കാനിരിക്കുന്നു. മോളിവുഡിൽ മംമ്ത ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. മയൂഖം മുതൽ നീലി വരെ വിവിധ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ച മംമ്ത സിനിമയിലെത്തിയ നാൾവഴികൾ ഓർക്കുന്നു.

എങ്ങനെയാണ് മയൂഖത്തിലെത്തിയത് ?

ഒരു കല്യാണത്തിന് മോനിഷയുടെ അമ്മ എന്നെ കാണുകയുണ്ടായി. എന്റെ അമ്മയോട് എന്നെക്കുറിച്ച് ചോദിച്ചറിഞ്ഞു. ആ സമയത്ത് ഹരിഹരൻ സാർ പുതിയ സിനിമയിലേക്കു നായികയെ തേടുന്നുണ്ടായിരുന്നു. മോനിഷയുടെ അമ്മ എന്നെക്കുറിച്ച് അപ്പോൾ തന്നെ ഫോണിലൂടെ പറഞ്ഞു. അങ്ങനെ ഞാനും അമ്മയും ഹരിഹരൻസാറെ പോയി കണ്ടു. എന്നാൽ എനിക്ക് അറിയില്ലായിരുന്നു ഹരിഹരൻ സാർ ഇത്ര വലിയ സംവിധായകനാണെന്ന കാര്യം. ഞാൻ കാലിൽ കാല് കയറ്റിവച്ചാണ് സാറിനോട് സംസാരിച്ചത്. ഈ പ്രകൃതം തന്നെയാണ് മയൂഖത്തിലെ നായികയുടെ സ്വഭാവസവിശേഷത. അങ്ങനെയാണ് മയൂഖത്തിൽ ഞാൻ നായികആയത്.

മധുചന്ദ്രലേഖയിൽ ഉർവശിയുടെ കഥാപാത്രം നാടൻ ആണെങ്കിൽ മംമ്തയുടേത് പോസ്റ്റുമോഡേൺ ആയിരുന്നു ?

ഉർവശിച്ചേച്ചിക്ക് ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. മധുചന്ദ്രലേഖയിൽ അഭിനയിക്കുന്നതിന് മുമ്പ് ഞാൻ ഒന്നോരണ്ടോ സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ബസ് കണ്ടക്ടർ, അത്ഭുതം, ലങ്ക എന്നീ സിനിമകളായിരുന്നു. മധുചന്ദ്രലേഖ രാജസേനൻസാറിന്റെ പടമാണിത്. ജയറാമേട്ടൻ, ഉർവശിച്ചേച്ചി എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. അവരുമായി പരിചപ്പെടുന്നത് ലൊക്കേഷനിൽ വന്നതിനുശേഷമാണ്. ആ സമയത്ത് എനിക്ക് അഭിനയത്തെക്കുറിച്ച് ഐഡിയയൊന്നുമില്ല. ഇവരിൽനിന്ന് കുറേ കാര്യങ്ങൾ പഠിക്കാനായി. സംവിധായകൻ പറയുന്നത് മനോഹരമായി ചെയ്യും. മയൂഖത്തിലും ഇങ്ങനെ തന്നെ ആയിരുന്നു എനിക്ക് അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഉർവശിച്ചേച്ചി വളരെ കരുത്തുള്ള വ്യക്തിയാണ്. അഭിനയത്തെക്കുറിച്ച് വളരെ നന്നായി അറിവുള്ള എക്‌സ്പീരിയൻസ്ഡായ നടി. ഉർവശിച്ചേച്ചിയിൽനിന്ന് വളരെ ഏറെ പഠിക്കാനുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു.

ശ്യാമപ്രസാദിന്റെ 'അരികെ'യിൽ വ്യത്യസ്തമായ അഭിനയം മംമ്ത കാഴ്ച വച്ചല്ലോ ?

ശ്യാംചേട്ടൻ അനുരാധയെക്കുറിച്ച് ഒരു ചെറിയ വിവരമാണ് ആദ്യം പറഞ്ഞത്. അപ്പോൾ തന്നെ അനുരാധ എന്നിൽ അലിഞ്ഞുചേർന്നു. 'അരികെ' യിലെ അനുരാധ ഞാൻ ഏറ്റവും സത്യസന്ധമായി ഉൾക്കൊണ്ട കഥാപാത്രമാണ്. ഭയങ്കര മൂഡാണ് ഈ സിനിമയ്ക്ക്. സിനിമയുടെ ഓരോ നിമിഷവും അങ്ങനെയാണ്. ഇതുപോലെ വളരെ കുറച്ചുസിനിമകൾ മാത്രമേ എന്നെ സ്പർശിച്ചിട്ടുള്ളു. അഭിനയിച്ചിട്ട് മതിയായില്ലെന്ന് തോന്നിയ സിനിമയാണ് 'അരികെ'. ദിലീപേട്ടൻ, സംവൃത എല്ലാവരും വളരെ രസമായി അഭിനയിച്ചിട്ടുണ്ട്. ഭയങ്കര രസമുള്ള ബന്ധങ്ങൾ, സൗഹൃദങ്ങർ, അവസാനം ഞാൻ ഈ സിനിമയിൽ തിരിഞ്ഞുനോക്കുന്നുണ്ട്. അത് വല്ലാത്ത ഒരു മൂഡാണ്. ഞാൻതന്നെ ആകെ ഇമോഷണലായി.

കഥ തുടരുന്നു എന്ന ചിത്രത്തിലെ വിദ്യാലക്ഷ്മി ?

സത്യൻ അങ്കിളിന്റെ സിനിമയാണിത്. എന്റെ ജീവിതത്തിൽ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്താണ് ഈ തിരക്കഥയുമായി സത്യൻ അങ്കിൽ വരുന്നത്. കോൾ വന്നപ്പോൾ ഒരു പ്രകാശംവരുന്നതുപോലെ എനിക്ക് തോന്നി. നായികയ്ക്ക് വളരെ പ്രാധാന്യമുള്ള സിനിമയാണിത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം എനിക്ക് ലഭിച്ചു. ഈ ചിത്രത്തിലെ വിദ്യാലക്ഷ്മി വളരെ ബോൾഡായ കഥാപാത്രം. അതുവരെ ഞാൻ ചെയ്തതിൽനിന്ന് ഏറെ വ്യത്യസ്തമായ വേഷം. ഒരു കുട്ടിയുടെ അമ്മയാണ്. അരികെയ്ക്കുശേഷം എനിക്ക് പേഴ്‌സണലി ഇഷ്ടപ്പെടുന്ന ചിത്രമാണ് 'കഥ തുടരുന്നു' എന്ന സിനിമ. എനിക്ക് വളരെ അറ്റാച്ച്ഡ് ആയ കഥയാണ്.

മംമ്തയ്ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ ?

ഞാൻ അഭിനയിച്ച ഏതെങ്കിലും സിനിമ ഒരാളുടെ ഏറ്റവും ഇഷ്ടസിനിമയാണെന്ന് കേൾക്കുന്നത് വളരെ സന്തോഷമുള്ള ഒന്നാണ്. എനിക്ക് അഭിമാനമുള്ള ഒരു കാര്യമാണ്. 'മൈബോസ് 'എത്ര കണ്ടാലും ചിലർക്ക് ഭയങ്കര ഇഷ്ടമാണ് എന്ന് പറയുന്നത്. അതുപോലെ എത്ര കണ്ടാലും മതിയാവാത്ത സിനിമ അതായിരിക്കണമല്ലോ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. അത് മണിച്ചിത്രത്താഴാണ്. ഞാൻ കുറേതവണ കണ്ടിട്ടുണ്ട്. യുട്യൂബിൽ വെറുതെയിരുന്ന് കാണും. അതിലെ പാട്ട് കേട്ടിരിക്കും. കോമഡി ഇരുന്ന് കാണും. നീലിയിലെ ഹൊറർ സീൻ ഷൂട്ടുചെയ്യുന്നതിനിടയിൽ ഞാൻ ഇതിലെ കോമഡിയും സംഗീതവും കേട്ടിരുന്നിട്ടുണ്ട്. അതുപോലെ സർഗത്തിലെ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ടമാണ്. ആ സിനിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. 'ആരോ വിരൽ മീട്ടി' എന്ന ഗാനം എനിക്ക് ഭയങ്കര ഇഷ്ട മാണ്.

ഏറെ ഇഷ്ടപ്പെട്ട സംവിധായകൻ ?

മലയാളസിനിമകൾ ഞാൻ ആദ്യമൊന്നും കൂടുതൽ ശ്രദ്ധിക്കാറില്ലായിരുന്നു. ഷൂട്ടിംഗിനായി ഇവിടെ വരുന്നു. സിനിമ ചെയ്യുന്നു. തിരിച്ചുപോകുന്നു. അങ്ങനെയാണ് പതിവ്. 'തൊണ്ടിമുതലും ദൃക്‌സാക്ഷി'യും എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. സിനിമയിൽ വന്നതിനു നാലു വർഷത്തിനുശേഷമാണ് ഞാൻ കൂടുതൽ സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. പണ്ടൊക്കെ തന്നെ വളരെ പ്രൊഗ്രസിവായ രീതിയിൽ ചിന്തിച്ച ഒരാളായിരുന്നു പത്മരാജൻ. വളരെ ബോൾഡായ വ്യത്യസ്തമായ സിനിമകളാണ് പത്മരാജൻ സംവിധാനംചെയ്തിട്ടുള്ളത്.

ഇന്നത്തെ സംവിധായകർ വളരെ ബോൾഡായി ചിന്തിക്കുന്നു. ഇടക്കാലത്ത് അത്തരം സംവിധായകരെ കണ്ടില്ല. മോഹൻലാലും സുമലതയും അഭിനയിച്ച തൂവാനത്തുമ്പികൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. തിരക്കഥ എഴുത്ത്, സംവിധാനം എല്ലാം വളരെ ബോൾഡായി കൈകാര്യംചെയ്തിട്ടുള്ള സംവിധായകനാണ് പത്മരാജൻ. എന്റെ വളരെ ഇഷ്ടപ്പെട്ട സംവിധായകൻ പത്മരാജൻ ആണ്.

ഒടുവിൽ അഭിനയിച്ച നീലിയെക്കുറിച്ച് ?

കോമഡിയും ഹൊററും ഇഴചേർത്ത നീലി അമ്മ-മകൾ ബന്ധം പറയുന്ന ഒരു നല്ല കുടുംബചിത്രമാണ്. വ്യത്യസ്ത ഹൊറർ കോമഡി സിനിമയാണിത്. എന്റെ അഭിനയ ജീവിതത്തിലെ ശക്തമായ കഥാപാത്രമാണ് നീലിയിലെ ലക്ഷ്മി. നവാഗതനായ അൽത്താഫ് റഹ്മാനാണ് നീലി സംവിധാനംചെയ്തിരിക്കുന്നത്. അനൂപ് മേനോൻ ആണ് നായകൻ.

എന്റെ മകളായി അഭിനയിച്ച മിയ വളരെ മിടുക്കിയായ കുട്ടിയാണ്. അഭിനയിക്കാൻ മോഹിച്ച് വന്നതല്ല ഈ കുട്ടി. കളിച്ചുകൊണ്ടിരിക്കുമ്പോൾ സിനിമയിലേക്കുവന്നതാണ്. എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്താൽ അതുപോലെ വളരെ രസമായി ചെയ്യും. വളരെ മിടുക്കിയായ കുട്ടി. റിയാസ് മാരാത്തും മുനീർ മുഹമ്മദുണ്ണിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മനോജ് പിള്ളയാണ് ക്യാമറമാൻ. ശരത്ത് സാർ ആണ് സംഗീതം. നീലി ഒരു കൂട്ടായ സിനിമയാണ്. സംവിധായകൻ അൽത്താഫ്, റൈട്ടർ റിയാസ്, ക്യാമറമാൻ മനോജേട്ടൻ എല്ലാവരുടെയും ബ്രയിൻ ആണ് നീലി. ഒരോ ഷോട്ടുകളും എടുക്കുമ്പോൾ അതെങ്ങനെ ആയിരിക്കണം എന്തായിരിക്കണം അങ്ങനെ പരസ്പരം ചർച്ചചെയ്ത് ചിത്രീകരിച്ച സിനിമയാണ്.