മുംബൈ: രണ്ടായിരം കോടി രൂപയുടെ ലഹരിമരുന്നു കടത്തു കേസിൽ മുഖ്യപ്രതികളിലൊരാളായ മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയുടെ മുംൈബയിലെ മൂന്ന് ആഡംബര ഫ്‌ളാറ്റുകൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്. 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ തുടർച്ചയായ സമൻസുകൾക്കു ശേഷവും ഹാജരാകാത്തതിനാലാണു താനെ സെഷൻസ് കോടതിയുടെ നടപടി.

കെനിയയിൽ ഒളിവിൽ കഴിയുന്നതായി സംശയിക്കുന്ന മമ്തയെ വിട്ടുകിട്ടാൻ ഇന്റർപോളിനെ കൊണ്ട് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിനിടെയാണ് ഫ്ളാറ്റുകൾ കണ്ട് കെട്ടാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. രണ്ടായിരം കോടി രൂപയുടെ ലഹരിമരുന്നു കേസിൽ പ്രതികളാണ് മമ്ത കുൽക്കർണിയും ഭർത്താവ് വിക്കി ഗോസ്വാമിയും. 2016 ഏപ്രിൽ 14ന് എവൺ ലൈഫ് സയൻസസ് എന്ന കമ്പനിയുടെ സോലാപ്പുർ, താനെ, അഹമ്മദാബാദ് ശാഖകളിൽനിന്ന് 20 ടൺ എഫെഡ്രൈൻ ലഹരിമരുന്നു കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇതുവരെയും മമ്തയെ അറസ്റ്റ് ചെയ്തിട്ടില്ല. അന്ധേരി വെർസോവയിലെ സ്‌കൈ ആങ്കറേജ് സൊസൈറ്റിയിലുള്ള മൂന്നു ഫ്ലാറ്റുകളാണ് കണ്ടുകെട്ടാൻ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഒരുകാലത്ത് ബോളിവുഡിലെ ഗ്ലാമർ താരമായിരുന്ന മമ്ത കുൽക്കർണി ഇപ്പോൾ കെനിയയിൽ ഭർത്താവിനൊപ്പമാണ് കഴിയുന്നതായാണ് വിവരം. നേരത്തെയും മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളയാളാണ് മമ്തയുടെ ഭർത്താവ് വിക്കി ഗോസ്വാമി. 1997ൽ ദുബൈയിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുമ്പോഴാണ് മമ്ത വിക്കിയെ വിവാഹം കഴിക്കുന്നത്. 2012ലാണ് ജയിൽ ശിക്ഷ കഴിഞ്ഞ് വിക്കി പുറത്തിറങ്ങിയത്. 25 വർഷത്തേക്കുള്ള ശിക്ഷയിൽ വിക്കിക്ക് നല്ല നടപ്പിനെ തുടർന്ന് ഇളവ് ലഭിച്ചിരുന്നു. ഇസ്ലാം മതത്തിലേക്ക് മാറിയപ്പോഴും മമ്ത കുൽക്കർണി വാർത്തകളിൽ നിറഞ്ഞിരുന്നു. അടുത്തകാലത്തായി ആധ്യാത്മിക രീതിയിലുള്ള ജീവിതം നയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് മമ്തയെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരുന്നത്.

1990കളിലാണ് മമ്ത കുൽക്കർണി ബോളിവുഡിലെ ഗ്ലാമർ താരമായിരുന്നത്. ചൈനഗേറ്റ്, വഖ്ത് ഹമാരാ ഹേ, കരൺ അർജുൻ, ആന്തോളൻ തുടങ്ങി നിരവധി ചിത്രങ്ങളിലും പരസ്യങ്ങളിലും മമ്ത അഭിനയിച്ചിട്ടുണ്ട്. ദുബൈയിൽ ഹോട്ടൽ ശൃംഘലയും റിയൽ എസ്റ്റേറ്റ് ബിസിനസും മമ്തക്കും ഭർത്താവിനുമുണ്ട്. ദക്ഷിണാഫ്രിക്കയിലും അമ്പത്തിരണ്ടുകാരനായ വിക്കിക്ക് കച്ചവടവും സ്ഥലവുമുണ്ട്. പണം പലിശക്കുകൊടുത്തും മയക്കുമരുന്നു കടത്ത് നടത്തിയുമാണ് വിക്കി പണം സമ്പാദിച്ചതെന്ന് നേരത്തെ ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ ആരോപിച്ചിട്ടുണ്ട്.