കൊച്ചി: ഫഹദ് ഫാസിലിന്റെ നായികയാവാൻ മംമ്ത മോഹൻദാസ്. മുന്നറിയിപ്പിന്റെ സംവിധായകൻ വേണുവിന്റാതാണ് സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിൽ ആരംഭിക്കും. കാടിനുള്ളിലുള്ള ഈ ചിത്രം ഒരു സസ്‌പെൻസ് ത്രില്ലർ ആയിരിക്കുമെന്നു മംമ്ത പറഞ്ഞു. അണിയറ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ആദ്യമായാണ് മംമ്ത ഫഹദിന്റെ നായികയാകുന്നത്. ഒടുവിലിറങ്ങിയ തോപ്പിൽ ജോപ്പനിൽ മമ്മുട്ടിയുടെ നായികയായിരുന്നു മംമ്ത. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രം കാട്ടിനുള്ളിലെ സാഹസികത നിറഞ്ഞ ചിത്രമായിരിക്കും. യാഥാർഥ്യത്തോടെ അടുത്തു നിൽക്കുന്ന ചിത്രത്തിനായി തൽസമയ ശബ്ദലേഖനം ഒരുക്കും. വേണുവിന്റെ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന മംമ്തയുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് വേണു ഒടുവിൽ സംവിധാനം ചെയ്ത മുന്നറിയിപ്പാണ്.

മയൂഖത്തിലൂടെ മലയാളത്തിലെത്തിയ മംമ്ത മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ളവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ നിറഞ്ഞ സാന്നിദ്ധ്യമായ മംമ്ത മോഹൻദാസ് പക്ഷെ കേരളത്തിലെത്തുന്നത് സിനിമകൾക്കായി മാത്രമാണ്. ലോസ് ആഞ്ചലസിൽ താമസമാക്കിയിരിക്കുകയാണ് താരമിപ്പോൾ.