മലപ്പുറം: ഗർഭിണിയായ ഭാര്യയേയും രണ്ട് പെൺകുട്ടികളെയും സംരക്ഷിക്കാതെ ഭാര്യക്ക് വിവാഹ സമ്മാനമായി ലഭിച്ച ഒരു ലക്ഷംരൂപയും 30പവൻ സ്വർണവും ദുരുപയോഗം ചെയ്ത് മൂന്നുകുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയോടൊപ്പം കഴിയുന്ന 32കാരനായ യുവാവിനെ ഭാര്യയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വന്തം ഭാര്യയേയും മക്കളേയും സംരക്ഷിക്കാതെ മറ്റൊരു സ്ത്രീയോപ്പം കഴിയുന്ന മലപ്പുറം ഏലംകുളം പാറക്കൽമുക്ക് വാക്കയിൽത്തൊടി അബ്ദുൾവാഹിദിനെ(32)യാണ് പെരിന്തൽമണ്ണ പൊലീസാണ് അറസ്റ്റ് ചെയ്തത്. തന്നെയും മക്കളേയും സംരക്ഷിക്കുന്നില്ലെന്നും വിവാഹസമ്മാനമായി ലഭിച്ച 30 പവൻ ആഭരണങ്ങളും ഒരുലക്ഷം രൂപയും ദുരുപയോഗം ചെയ്തതായും ഭാര്യയുടെ പരാതിയിൽ പറയുന്നു. പെരിന്തൽമണ്ണയിൽ ട്രാവൽസ് നടത്തുന്നയാളാണ് അബ്ദുൾ വാഹിദ്.

2008-ൽ വിവാഹിതരായ ഇരുവർക്കും മൂന്നു വയസ്സിന് താഴെയുള്ള രണ്ടു പെൺകുട്ടികളുണ്ട്. പരാതിക്കാരി ഗർഭിണിയുമാണ്. സ്വന്തം കാര്യങ്ങൾക്ക് തുകയും സ്വർണവും ഉപയോഗിച്ച പ്രതി ഇവ തിരികെ നൽകിയില്ല. ബിസിനസ് വിപുലീകരണത്തിന് കൂടുതൽ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

2020 മുതൽ പ്രതി മൂന്നുകുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാവുകയും നാടുവിട്ട് അവരോടൊപ്പം ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചുവരികയുമായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഇവരുടെ കൂടി പ്രേരണയാലാണ് തങ്ങൾക്ക് സംരക്ഷണം നൽകാതെ നാടുവിട്ടുപോയത്. പരാതിക്കാരിയുമായി വിവാഹബന്ധം നിലനിൽക്കേയാണിത്.

കഴിഞ്ഞദിവസം പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽ പ്രതി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനുശേഷം എസ്‌ഐ. ടി.പി. ഉദയന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്യുകയുമായിരുന്നു. ജുവൈനൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.