കൊച്ചി: വിവാഹമോചിതരായ സ്ത്രീകളെ ലക്ഷ്യം വെച്ച് പത്രപരസ്യം നൽകി പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി പീഡിപ്പിച്ച ശേഷം പണവും സ്വർണവുമായി മുങ്ങുന്ന തട്ടിപ്പു വീരൻ പൊലീസ് പിടിയിൽ. വയനാട് മാനന്തവാടി കല്ലോടിയിൽ താമസിക്കുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി ബിജു ആന്റണിയാണ് (38) പിടിയിലായത്. ഇയാൾ പത്രങ്ങളിൽ പുനർ വിവാഹത്തിന് പരസ്യം നൽകുകയും ഇത് കണ്ട് വിവാഹാലോചന നടത്തുന്ന പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണവുംസ്വർണവും തട്ടിയെടുക്കുകയായിരുന്നു പതിവ്. അമ്പതോളം സ്ത്രീകളെ പറ്റിച്ചതായി ഇയാൾ പൊലീസിനു മൊഴി നൽകി.

പത്രത്തിൽ വിവാഹപരസ്യം നൽകി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടുന്ന കല്യാണത്തട്ടിപ്പു വീരൻ അറസ്റ്റിൽ. 60 വയസ്സ് വരെയുള്ള സ്ത്രീകൾ ഇയാളുടെ തട്ടിപ്പിനിരയായാതായാണ് റിപ്പോർട്ട്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാൾ ഇപ്പോൾ പൊലീസ് വലയിലായത്. മലപ്പുറം സ്വദേശിനിയുമായി അടുപ്പത്തിലായ ഇയാൾ കഴിഞ്ഞമാസം എറണാകുളം വടുതലയിൽ വാടകയ്ക്കു വീടെടുത്തു താമസം തുടങ്ങുകയും ഒരാഴ്ചയ്ക്കകം യുവതിയുടെ പണവും സ്വർണവുമായി മുങ്ങുകയും ചെയ്തു. തുടർന്ന് യുവതി പൊലീസിനെ സമീപിച്ചു.എറണാകുളം നോർത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു പിടിയിലായത്.

വയനാട്ടിലും ഗുണ്ടൽപേട്ടയിലും മാറിമാറി താമസിച്ചിരുന്ന പ്രതിക്കായി അന്വഷണം നടത്തി വരുന്നതിനിടെ കൽപ്പറ്റ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. അതുകൊണ്ട് തന്നെ 2008 മുതൽ തട്ടിപ്പു നടത്തി പോന്ന ഇയാളെ പൊലീസിന് പിടികൂടാൻ സാധിച്ചിരുന്നുമില്ല. ഒരു പ്രാവശ്യം അടുപ്പത്തിലായ യുവതികളുടെ പേരിൽ എടുത്ത സിം കാർഡ് ആണ് പിന്നീടു പരസ്യം നൽകാനും അടുത്ത ഇരയെ വിളിക്കാനും ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു സൈബർ സെല്ലിന്റെ സഹായത്തോടെ നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.

പിടിയിലായ ഇയാളുമായി മടങ്ങി സ്റ്റേഷനിലേക്ക് വരുമ്പോഴും തലേ ദിവസം നൽകിയ വിവാഹ പരസ്യം കണ്ടു നിരവധി യുവതികൾ വിളിക്കുന്നുണ്ടായിരുന്നു. പരാതിക്കാരിയായ യുവതിയുമായി എറണാകുളത്തു താമസിക്കുമ്പോൾ തന്നെ ഇയാൾ കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ച് 45000 രൂപ കൈക്കലാക്കി. വൈക്കം സ്വദേശിനിയുമായും അടുപ്പം സ്ഥാപിച്ചു വരികയായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

അറസ്റ്റ് ചെയ്യുന്നതിനു തലേദിവസവും ഇയാൾ പത്രത്തിൽ വിവാഹപരസ്യം നൽകിയിരുന്നു. കിട്ടുന്ന പണം മുഴുവൻ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. മലപ്പുറം സ്വദേശിനിയോടു റഫീഖ് എന്നും, വൈക്കം സ്വദേശിനിയോടു ജീവൻ എന്നും മറ്റുള്ളവരോടു ബിജു എന്നുമാണു പേരു പറഞ്ഞിരുന്നത്. ഫേസ്‌ബുക്കിൽനിന്നു സാമ്യമുള്ളവരുടെ ഫോട്ടോ എടുത്തശേഷം അതാണു വാട്‌സ്ആപ്പിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരുന്നത്. 25 വയസ്സുമുതൽ 60 വയസ്സുവരെയുള്ള അമ്പതോളം സ്ത്രീകളെ കെണിയിൽ പെടുത്തിയിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോടു വെളിപ്പെടുത്തി.

2008 മുതൽ തട്ടിപ്പിനു കാസർകോട് കുമ്പള, കണ്ണൂർ ചൊക്ലി, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. അസിസ്റ്റന്റ് കമ്മിഷണർ ലാൽജിയുടെ നിർദേശപ്രകാരം നോർത്ത് എസ്‌ഐ വിബിൻദാസ്, എഎസ്‌ഐ ശ്രീകുമാർ, സീനിയർ സിപിഒ വിനോദ് കൃഷ്ണ, സിപിഒമാരായ അജിലേഷ്, റെക്‌സിൻ എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു.