മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ കുർബാനക്കിടെ കുത്തേറ്റ ഫാദർ ടോമി കളത്തൂർ സുഖം പ്രാപിച്ചു വരുന്നു. തന്റെ പരിക്ക് സാരമുള്ളതല്ലെന്ന് അദ്ദേഹം തന്നെയാണ് മൊബൈൽ സന്ദേശത്തിലൂടെ അറിയിച്ചത്. ''പ്രിയ സുഹൃത്തുക്കളെ, ഇത് ഞാൻ ടോമി.. എന്നെക്കുറിച്ച് നിങ്ങൾ അനുഭവിക്കുന്ന ആകുലതകൾക്കും നല്കുന്ന പിന്തുണയ്ക്കും നന്ദി.. ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെയാണ്.. ഞാൻ സുഖം പ്രാപിച്ചു വരുന്നു എന്നറിയിക്കാനാണ് ഇത് എഴുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

''തിരുവസ്ത്രത്തിലൂടെയാണ് കത്തി ആഴ്ന്നിറങ്ങിയത്.. അതിനാൽ തന്നെ മുറിവുകൾ ആഴമുള്ളതോ മാരകമോ അല്ല.. (എന്നെ കുത്തിയ പാവം അതു മനസിലാക്കിയിട്ടുണ്ടാവില്ല.) അവനെ വൈകുന്നേരത്തോടെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എനിക്കു ചുറ്റം ഒരു ജനസഞ്ചയം തന്നെയുണ്ട്.. പിന്നെ മാധ്യമങ്ങളും പൊലീസും.. കൂടാതെ ഇന്ത്യൻ മലയാളി കമ്മ്യൂണിറ്റിയും.. എമർജൻസി വാർഡി9െറ ശാന്തതയിലാണ് ഞാനിപ്പോൾ.. അതിനാൽ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല..'' ഫാദർ ടോമി വ്യക്തമാക്കി. താൻ സുരക്ഷിതനാണെന്നും ദൈവകരങ്ങൾ തന്നെ കാത്തുവെന്നുമാണ് ഫാദർ ടോമി പറയുന്നത്.

മെൽബണിലെ ഇന്ത്യൻ സമൂഹത്തെ ആശങ്കയിലാക്കിയ ഈ അക്രമ സംഭവത്തിൽ 72 വയസുകാരനാണ് അറസ്റ്റിലായത്. ഇറ്റാലിയൻ വംശജനായ അക്രമി. സംഭവത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കം ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. സെന്റ് മാത്യൂസ് പാരിഷിൽ വിശ്വാസികൾക്കു മുമ്പിൽ വച്ച് ഞായറാഴ്ച 11 മണിക്കാണ് 48 കാരനായ ഫാ. ടോമി മാത്യുവിനു നേരെ ആക്രമണമുണ്ടായത്. ഇന്ത്യാക്കാരനെങ്കിൽ നിങ്ങൾ ഹിന്ദുവോ മുസ്‌ളീമോ ആണെന്നും അതിനാൽ കുർബാന അർപ്പിക്കാൻ യോഗ്യനല്ലെന്നും പറഞ്ഞായിരുന്നു കുത്തിയത്. കഴുത്തി9െറ ഇടതുഭാഗത്താണ് കുത്തേറ്റത്. ഇറ്റാലിയൻ കുർബാനയർപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആംബുലൻസ് എത്തി അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.

കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കളത്തൂർ കുടുംബാംഗമായ ഫാ.ടോമി 2014 മുതൽ ഇതേ ചർച്ചിൽ വികാരിയായി സേവനമനുഷ്ഠിച്ച് വരുന്നു. ഫാ.ടോമിയുടെ നേരെ ഉണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മെൽബോൺ അതിരൂപതയുടെ വക്താവ് ഷെയ്ൻ ഹീലി പറഞ്ഞു. അച്ചൻ സുഖം പ്രാപിച്ചു വരികയാണെന്നും തന്റെ ശുശ്രൂഷാ ദൗത്യത്തിലേയ്ക്ക് മടങ്ങാൻ വെമ്പുകയാണെന്നും മോൺസിഞ്ഞോർ ഗ്രെഗ് ബെന്നറ്റ് പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് പൊലീസ് കരുതുന്നത്.