കോഴിക്കോട്: ആറായിരം രൂപയും എടിഎം കാർഡും മോഷ്ടിച്ച കേസിൽ പ്രതി മണിക്കൂറുകൾക്കം പിടിയിൽ. തമിഴ്‌നാട് പുതുക്കോട്ടൈ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നാണ് പേഴ്‌സിൽ സൂക്ഷിച്ചിരുന്ന ആറായിരം രൂപയും എടിഎം കാർഡും മോഷ്ടിച്ചത്. ഇന്നലെ ഉച്ചക്ക് 3 മണിയോടെയാണ് പ്രതി മോഷണം നടത്തിയത്. വീടിന്റെ വാതിൽ തള്ളിൽ തുറന്ന് ഹാളിൽ സൂക്ഷിച്ചിരുന്ന പേഴ്‌സിൽ നിന്നും പണവും എടിഎം കാർഡും മോഷ്ടിച്ചത്.

മോഷണത്തിന് ശേഷം ബസിൽ കയറി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും നടക്കാവ് എസ്‌ഐ എസ്.ബി കൈലാസ് നാഥ്, നോർത്ത് എസിപി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ദിനേശ് കുമാർ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം.ഷാലു, പി. ശ്രീജിത്ത്, ടി.പി ഷഹീർ, എ വി സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.