പാലക്കാട്: സ്ത്രീസുരക്ഷയുടെ കാര്യം പറയുമ്പോൾ മുന്നിലാണെന്ന് അവകാശപ്പെടുന്നവരാണ് മലയാളികൾ. എന്നാൽ, പലപ്പോഴും പെൺകുട്ടികൾക്ക് ഭയപ്പെടാനുള്ള ഇടങ്ങൾ കൂടുതലാണ്. പാലക്കാട് ജില്ലയിലെ മീങ്കരയിൽ നിന്നും പുറത്തുവന്ന വാർത്ത മലയാളികളെ ഞെട്ടിക്കുന്നതാണ്. ആൺസുഹൃത്തിനൊപ്പം ഡാം കാണാൻ എത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രതി അറസ്റ്റിലായി.

മീങ്കര ഡാം കാണാൻ സുഹൃത്തിനൊപ്പം പോയപ്പോഴാണ് സംഭവം നടന്നത്. പൊള്ളാച്ചി ആളിയാർ പന്തക്കൽ അമ്മൻപതിയിൽ ശരവണകുമാർ (35) ആണ് പിടിയിലായത്. മുതലമട നരിപ്പാറച്ചള്ളയിലെ തോട്ടത്തിൽ മേൽനോട്ട ജോലിക്കാരനായ ഇയാൾ വളരെ തന്ത്രപരമായാണ് പെൺകുട്ടിയെയും സുഹൃത്തിനെയും വലയിൽ ആക്കിയത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നരിപ്പാറച്ചള്ളയിലെത്തിയിട്ട് ഒരു വർഷമായ ഇയാൾക്കെതിരെ ആളിയാർ പൊലീസ് സ്റ്റേഷനിൽ 2 മോഷണക്കേസുകളും കൊല്ലങ്കോട് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും ഉണ്ട്. ക്രിമിനൽ സ്വഭാവമുള്ള ഇയാൾ പെൺകുട്ടിയെ വലയിലാക്കിയത് വളരെ തന്ത്രപരമായാ

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിയോടെ ഡാമിൽ നിന്നു മീൻ പിടിക്കാനെത്തിയ ശരവണകുമാർ പെൺകുട്ടിയും ആൺസുഹൃത്തും സംസാരിച്ചിരിക്കുന്നതു കണ്ടു. ഇതോടെ അവസരം ഇവർക്ക് അരികിലേക്ക് എത്തി സുരക്ഷാ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തി. തുടർന്ന് ഇരുവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ശേഷം മൊബൈൽ ഫോൺ പിടിച്ചുവാങ്ങി, പോകാൻ ആവശ്യപ്പെട്ടു. ഇവരുമായി പാപ്പാൻചള്ളയിൽ എത്തി മൊബൈൽ തിരിച്ചുനൽകി.

ആൺസുഹൃത്തിനോടു ബൈക്കിൽ പോകാൻ നിർദ്ദേശിച്ച ശേഷം പെൺകുട്ടിയെ ബസിൽ കയറ്റിവിട്ടു. ബസിനെ പിന്തുടർന്ന ഇയാൾ വലിയചള്ളയിൽ വെച്ചു പെൺകുട്ടിയെ തിരിച്ചിറക്കി, പൊലീസ് പിടിക്കാതിരിക്കാൻ സുഹൃത്തിനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ബൈക്കിൽ കയറ്റി മൊബൈൽ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. കരടിക്കുന്നിന്റെ താഴ്ഭാഗത്തു കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണമാല കവരുകയും ചെയ്തു. പിന്നീട് പെൺകുട്ടിയെ എം പുതൂരിനടുത്തെ കനാൽ സ്റ്റോപ്പിൽ ഇറക്കിവിട്ടു.

പെൺകുട്ടിയെ കാണാതായതിനെത്തുടർന്നു മീങ്കര പ്രദേശത്തു തിരയുകയായിരുന്ന സുഹൃത്തിനെ പെൺകുട്ടി വിളിച്ചുവരുത്തി വീട്ടിലേക്കു പോയി. വെള്ളിയാഴ്ചയാണ് സുഹൃത്ത് മീനാക്ഷിപുരം പൊലീസിൽ പരാതി നൽകിയത്. അവർ വിവരം നൽകിയതനുസരിച്ചാണ് കൊല്ലങ്കോട് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാഹനനമ്പറും വസ്ത്രം സംബന്ധിച്ച സൂചനകളും പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്.