കോതമംഗലം: മാരക മയക്കുമരുന്നായ ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന ഹെറോയിനുമായി ആസാം സ്വദേശി കോതമംഗലം എക്‌സൈസ് പിടിയിൽ.അബു ചാതിക്ക് ഒവാഹിദ് (35) അണ് 6 ഗ്രാം ഹെറോയിനുമായി കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

പ്രതി കുറച്ച് നാളുകളായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നെല്ലിക്കുഴി കേന്ദ്രീകരിച്ച് ഇതരസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ എംഡി എം എ, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകൾ വിൽപ്പനയും വിതരണവും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നെല്ലിക്കുഴിയിൽ എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ഇയാളിൽ നിന്നും 6 ഗ്രാം വീതം 50 കുപ്പികളിലായി വിൽപ്പനയ്ക്ക് കൊണ്ടുവന്ന ഹെറോയിനുമായി പിടികൂടുകയായിരുന്നു.

ആസാമിൽ നിന്നും എല്ലാ ആഴ്ചയിലും കിലോ കണക്കിന് ബ്രൗൺഷുഗർ കൊണ്ടുവരുന്നതായി പ്രതി സമ്മതിച്ചു. എൻഡിപി എസ് നിയമപ്രകാരം 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇയാൾ ചെയ്തിട്ടുള്ളത്. പ്രിവന്റീവ് ഓഫീസർമാരായ നിയാസ് കെ.എ, ജെയ് മാത്യൂസ്, സിദ്ദിഖ് എ.ഇ, സിവിൽ ഓഫീസർമാരായ എൽദോ കെ.സി, സുനിൽ പി.എസ്, അനൂപ് ടി.കെ തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി.