തലശേരി:മാരക മയക്കുമരുന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ബംഗ്ളൂരു മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി എടക്കാട് പൊലിസിന്റെ പിടിയിലായി. പുതിയങ്ങാടിയിലെ ചൂരിക്കാട് ശിഹാബാണ് അറസ്റ്റിലായത്. 90 മില്ലിഗ്രാം എം.ഡി.എം.എ, 120 ലഹരിഗുളിക, ഹാഷിഷ് ഓയിൽ, ഓയിൽ ചൂടാക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ ട്യൂബ്, ഡിജിറ്റൽ മെഷീൻ എന്നിവയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ബംഗ്ളൂരു മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയായ ശിഹാബ് പിടിയിലായത്.

ഇയാളിൽ നിന്ന് 90 മില്ലിഗ്രാം എം.ഡി.എം.എ, 120 ലഹരിഗുളിക, അൽപ്പം ഹാഷിഷ് ഓയിൽ, ഹാഷിഷ് ഓയിൽ ചൂടാക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ ട്യൂബ്, മയക്കുമരുന്ന് തൂക്കാനുപയോഗിക്കുന്ന ഡിജിറ്റൽ മെഷീൻ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ 13 എ.എം 9661 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

വാഹനത്തിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽക്കുകയാണ് പ്രതിയുടെ പതിവ് . ബംഗ്ളൂരുവിലെ മിത്തി എന്നയാളിൽ നിന്നാണ് തനിക്ക് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് ചോദ്യംചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട് നിരവധി പേരുമായി ഇയാൾ ചാറ്റിങ് നടത്തിയതിന്റെയും ഫോൺ വിളിച്ചതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.