കൊച്ചി: ഓൺലൈൻ ഫുഡ് എത്തിച്ച് കൊടുക്കുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവ് എംഡിഎംഎ യുമായി എക്സൈസിന്റെ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി - തുമ്പമട സ്വദേശി ആറ്റിൻപുറം വീട്ടിൽ നിതിൻ രവീന്ദ്രൻ (26) ആണ് എറണാകുളം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിവന്നിരുന്ന ബൈക്കും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. ഓൺലൈൻ ആയി ഭക്ഷണം എത്തിക്കുന്നതിനിടെ അതിവിദഗ്ദമായിട്ടാണ് ഇയാൾ സമപ്രായക്കരായ യുവതിയുവാക്കളെ ലഹരിക്കെണിയിൽപ്പെടുത്തിയിരുന്നത്. ഭക്ഷണം എത്തിക്കാൻ നൽകിയിരിക്കുന്ന ലൊക്കേഷൻ കൃത്യമല്ല എന്നും അതുകൊണ്ട് തന്റെ വാട്ട് ആപ്പ് നമ്പറിലേക്ക് ലൊക്കേഷൻ കൃത്യമായി ഷെയർ ചെയ്യണമെന്നും പറഞ്ഞ് കസ്റ്റമറുടെ നമ്പർ കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി.

ഇതിന് ശേഷം പതിയെ അവരുമായി സൗഹ്യദം സ്ഥാപിച്ച ശേഷം ഇയാൾ ഇവരെ മയക്ക് മരുന്നിന് അടിമകൾ ആക്കി വരുകയായിരുന്നു. പഠിക്കുന്നതിന് കൂടുതൽ ഏകാഗ്രത കിട്ടുമെന്നും, ബുദ്ധി കൂടുതൽ ഷാർപ്പ് ആകുമെന്നും പറഞ്ഞ് പഠനത്തിന് അൽപം പിന്നിൽ ഉള്ള വിദ്യാർത്ഥി, വിദ്യാർത്ഥിനികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാൾ ഇവരെ മയക്ക് മരുന്നിന് അടിമകൾ ആക്കിയിരുന്നത്. അര ഗ്രാമിന് 3000 രൂപയാണ് ഇയാൾ ഇടാക്കിയിരുന്നത്. ഇത്തരത്തിൽ കെണിയിൽ അകപ്പെട്ട ഒരു വിദ്യാർത്ഥിനിയുടെ സുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ എക്‌സൈസ് ഷാഡോ ടീം നിരീക്ഷിച്ചുവരുകയായിരുന്നു.

കലൂർ സ്റ്റേഡിയം റൗണ്ട് റോഡിൽ ലഹരി കൈമാറാൻ വന്ന ഇയാളെ എക്‌സൈസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. മാരക ലഹരിയിലായിരുന്ന ഇയാളെ മൽപിടിത്തത്തിലൂടെയാണ് എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തിയത്. അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന 'പാർട്ടി ഗ്രഡ് ' എന്ന വിളിപ്പേരുള്ള അതിമാരകമായ മെത്തലിൽ ഡയോക്‌സി മെത്താഫിറ്റമിൻ ആണ് ഇയാളുടെ പക്കൽ നിന്ന് പിടികൂടിയത്. ഇത് 0.5 ഗ്രാം (അരഗ്രാം) വരെ കൈവശം വച്ചാൽ 10 വർഷം വരെ കഠിനതടവ് ലഭിക്കുന്ന അതീവ ഗൗരവമായ കുറ്റകൃത്യമാണ്.

പ്രധാനമായും നിശാ പാർട്ടികൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനാൽ 16 - മുതൽ 24 മണിക്കൂർ വരെ ഉന്മാദവസ്ഥയിൽ നിർത്താൻ ശേഷിയുള്ള മാരക മയക്ക് മരുന്നിനത്തിൽപ്പെട്ടതാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന്റെ ഉപയോഗ ക്രമം പാളിയാൽ സൈലന്റ് അറ്റാക്ക് പോലുള്ള സംഭവിച്ച് ഉപയോക്താവ് മരണപ്പെടാൻ സാധ്യതയേറെയാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. ഇതരസംസ്ഥാനങ്ങളിൽ പഠനത്തിനും മറ്റുമായി പോകുന്നവരിൽ നിന്നാണ് ഇയാൾ എംഡിഎംഎ വരുത്തിക്കുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ അറിയുവാൻ കഴിഞ്ഞതെന്ന് എക്‌സൈസ് അറിയിച്ചു. ഇത് സംബന്ധിച്ച് സമഗ്രമായ അനേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചിരുന്നവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടിയിലുള്ള എക്‌സൈസിന്റെ സൗജന്യ കൗൺസിലിങ് സെന്ററിൽ എത്തിച്ച് കൗൺസിലിങ്ങിന് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ എം എസ്. ഹനീഫയുടെ നേതൃത്വത്തിൽ അസ്സി.

ഇൻസ്‌പെക്ടർ കെ ആർ രാം പ്രസാദ്, പ്രിവന്റീവ് ഓഫീസർ സുരേഷ്‌കുമാർ എസ് , സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത്ത്കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി. ജിതീഷ് , കെ.എസ്. സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.