- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു ഭർത്താവ് ഭാര്യയെ ഇടിക്കുകയോ തല്ലുകയോ ചെയ്യുന്നത് ന്യായീകരിക്കുമോ' എന്ന് ചോദ്യം; തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ; ഞെട്ടിപ്പിക്കുന്ന കണക്ക് ദേശീയ കുടുംബാരോഗ്യ സർവേയിൽ; മുന്നിൽ ആന്ധ്രയും തെലങ്കാനയും
ന്യൂഡൽഹി: ഭാര്യമാരെ ഭർത്താക്കന്മാർ മർദിക്കുന്നതിനെ കേരളത്തിലെ 52 ശതമാനം സ്ത്രീകളും പിന്തുണക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എഫ്.എച്ച്.എസ്.). മൂന്ന് സംസ്ഥാനങ്ങളിൽ ഇത് ഏകദേശം 80 ശതമാനമാണ്. അതേസമയം വളരെ കുറച്ച് പുരുഷന്മാർ മാത്രമാണ് ഇത്തരം പെരുമാറ്റം ശരിയാണെന്ന് അഭിപ്രായപ്പെട്ടത്.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 84 ശതമാനം സ്ത്രീകളും പുരുഷന്മാർ ഭാര്യയെ മർദിക്കുന്നതിനെ ന്യായീകരിക്കുന്നവരാണ്. കർണാടക (77), മണിപ്പൂർ (66), കേരളം (52), ജമ്മു കശ്മീർ (49), മഹാരാഷ്ട്ര (44), പശ്ചിമ ബംഗാൾ (42) എന്നിങ്ങനെയാണ് പട്ടികയിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ.
'നിങ്ങളുടെ അഭിപ്രായത്തിൽ, ഒരു ഭർത്താവ് ഭാര്യയെ ഇടിക്കുകയോ തല്ലുകയോ ചെയ്യുന്നത് ന്യായീകരിക്കുമോ' എന്നതായിരുന്നു സർവേയിലെ ചോദ്യം. സർവേ നടത്തിയ 18ൽ 14 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 30 ശതമാനത്തിലധികം സ്ത്രീകൾ അതെ എന്ന് ഉത്തരം നൽകി.
ഭാര്യമാരെ ഭർത്താക്കന്മാർ മർദിക്കുന്നതിനെ ഏറ്റവും കുറച്ച് സ്ത്രീകൾ അനുകൂലിച്ചത് ഹിമാചൽ പ്രദേശിലാണ്. 14.8 ശതമാനം സ്ത്രീകളാണ് മർദിക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടത്.
വിശ്വാസ്യത നഷ്ടപ്പെടൽ, മരുമക്കളെ അനാദരിക്കൽ, ഭർത്താവിനോട് തർക്കിക്കൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കൽ, ഭർത്താവിനോട് പറയാതെ പുറത്തുപോകൽ, കുട്ടികളെയും വീടിനെയും അവഗണിക്കൽ, നല്ല ഭക്ഷണം പാകം ചെയ്യാതിരിക്കൽ തുടങ്ങിയ കാരണങ്ങളാണ് മർദിക്കാനുള്ള പ്രധാന കാരണമായി സർവേ ചൂണ്ടിക്കാട്ടുന്നത്.
വീടിനെയോ കുട്ടികളെയോ അവഗണിക്കുന്നതും മരുമക്കളോട് അനാദരവ് കാണിക്കുന്നതുമാണ് മർദനത്തെ ന്യായീകരിക്കാൻ സർവേയിൽ പ്രതികരിച്ചവരിൽ കൂടുതലായും പറഞ്ഞ കാരണം. മരുമക്കളോടുള്ള അനാദരവാണ് ഹിമാചൽ പ്രദേശ്, കേരളം, മണിപ്പൂർ, ഗുജറാത്ത്, നാഗാലാൻഡ്, ഗോവ, ബിഹാർ, കർണാടക, അസം, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ 13 സംസ്ഥാനങ്ങളിലെയും സ്ത്രീകൾ പിന്തുണക്കുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്.
ഭർത്താക്കന്മാർ മർദിക്കുന്നതിനെ ന്യായീകരിക്കുന്ന ഏറ്റവും കുറഞ്ഞ ശതമാനം സ്ത്രീകളുള്ളത് ഹിമാചൽ പ്രദേശിലാണ് (14.8). ഭാര്യയെ മർദിക്കുന്നത് കർണാടകയിൽ നിന്നുള്ള പുരുഷന്മാരിൽ 81.9 ശതമാനം പിന്തുണച്ചപ്പോൾ ഹിമാചൽ പ്രദേശിലത് 14.2 ശതമാനമാണ്.