ചങ്ങനാശേരി: കൊലക്കേസ് പ്രതി 12 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. പായിപ്പാട് നാലുകോടി പുളിമൂട്ടിൽ കൊല്ലംപറമ്പിൽ റോയിയെയാണ് (48) പൊലീസ് പിടികൂടിയത്. സ്വന്തം പേര് മാറ്റി കൊടൈക്കനാലിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് തെളിവുകൾ സഹിതം പൊക്കുക ആയിരുന്നു.

2006ൽ തൃക്കൊടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തൃക്കോടിത്താനം ആരമലക്കുന്ന് പനംപറമ്പിൽ വീട്ടിൽ ലാലൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായിരുന്നു റോയ്. കൊലപാതകത്തിനുശേഷം റോയി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽ നമ്പറുകൾ ശേഖരിച്ചു കോട്ടയം സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഒന്നാംപ്രതി നാലുകോടി കുടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേർന്നു തൃക്കോടിത്താനം ആരമലക്കുന്ന് പനംപറമ്പിൽ വീട്ടിൽ ലാലൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ റോയി തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. ബിനുവിനെ കോട്ടയം സെഷൻസ് കോടതി 10 വർഷത്തേക്കു തടവിനു ശിക്ഷിച്ചു. ഒളിവിൽ പോയ റോയിയെപ്പറ്റി വർഷങ്ങളായി അന്വേഷണങ്ങൾ നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചിുിന്നില്ല.

സൈബർ സെല്ലിന്റെ സഹായത്തിൽ സ്ഥലം കണ്ടെത്തിയ പൊലീസ് കൊടൈക്കനാലിൽ ആറ്റുവാംപെട്ടിക്കു സമീപമുള്ള വനപ്രദേശത്തു നിന്നാണു റോയിയെ സാഹസികമായി പിടികൂടിയത്. ഇവിടെ 'ജോസഫ്' എന്ന പേരിൽ കെട്ടിടനിർമ്മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.