കോതമംഗലം: പട്ടാപ്പകൽ യുവാവ് ഭാര്യ താമസിക്കുന്ന വീടിന്റെ സിറ്റൗട്ടിൽ എത്തി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇടുക്കി കൊന്നത്തടി സ്വദേശി ബിനു (35) ആണ് മരണമടഞ്ഞത്. ഭാര്യയും മകനും കുടുംബവും താമസിച്ചിരുന്ന നെല്ലിമറ്റം കണ്ണാടിക്കോട് വാടകവീട്ടിൽ എത്തിയാണ് ബിനു സ്വയം തീ കൊളുത്തിയത്. ഉച്ചക്ക് 1.30 തോടെയായിരുന്നു സംഭവം. ഈ സമയം വീട് പൂട്ടിക്കിടക്കുകയായിരുന്നു.

ഇടുക്കി കൊന്നത്തടി മുക്കുടി വലിയ വാഴയിൽ വീട്ടിൽ വിശ്വഭരന്റെ മകൻ ബിനുവും ശരണ്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് 10 വർഷത്തോളമാകുന്നു. ഇതിൽ എട്ട് വയസ്സുള്ള ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പിണക്കത്തിലായിരുന്നു. ഇതേ തുടർന്ന് ശരണ്യയും മകനും ശരണ്യയുടെ പിതാവിനൊപ്പം നെല്ലിമറ്റത്ത് വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.

ശരണ്യ കുറച്ച് നാളുകായി വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്നു. തന്റെ മകനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പലപ്പോഴും ശരണ്യയുമായി ബിനു ഫോണിലും മറ്റും തർക്കവും വഴക്കും നിലനിന്നിരുന്നു. ഇന്നലെയാണ് ശരണ്യ വിദേശത്തു നിന്നും നാട്ടിലെത്തിയത്. ഇത് മനസ്സിലാക്കിയ ബിനു ശരണ്യയെ കാണാൻ പല പ്രാവശ്യം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.

കഴിഞ്ഞ ദിവസം കുട്ടിയെ കാണാൻ ബിനു വാടക വീട്ടിൽ എത്തിയിരുന്നു. എന്നാൽ വീട്ടുകാർ കുട്ടിയെ കാണിക്കാൻ തയ്യാറായില്ല. തുടർന്ന് തർക്കമുണ്ടാവുകയും സംഭവത്തിൽ പൊലീസ് ഇടപെടൽ ഉണ്ടായതോടെ ബിനു നിരാശനായി തിരിച്ചു പോകുകയുമായിരുന്നു. ഇന്ന് നെല്ലിമറ്റത്തെ വീട്ടിൽ ഭാര്യയും മകനും ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ കാറിൽ ബിനു വാടക വീട്ടിൽ എത്തുകയായിരുന്നു.

വീട്ടിൽ ആരെയും കാണാതായതോടെ ഭാര്യയുമായി ബിനു മൊബൈലിൽ ബന്ധപ്പെടാൻ ശ്രമം നടത്തിയതായും പൊലീസിന് സൂചന ലഭിച്ചു. ഇതും നടക്കാതെ വന്നതോടെ നിരാശാനായാട്ടാണ് ബിനു കടും കൈ ചെയ്തതെന്നാണ് പൊലീസ് അനുമാനം. ദേഹത്ത് ഒഴിച്ചത് പെട്രോളോ മണ്ണെണ്ണയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.തീയാളി പടർന്നതിനെത്തുടർന്ന് ജനൽ ചില്ലുകൾ പൊട്ടിത്തകർന്നിട്ടുണ്ട്.

ശരീരം പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലായ ബിനു സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞു. ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പോസ്റ്റ് മാർട്ടത്തിനായി മൃതദ്ദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.