പാരീസ്: ഭീകരാക്രമണ ഭീഷണിയെ തുടർന്ന് അടിയന്തരാവസ്ഥ നിലനിൽക്കുന്ന ഫ്രാൻസിൽ വീണ്ടും ആശങ്ക സൃഷ്ടിച്ച്,പാരീസിൽ യുവാവ് പിസ റെസ്റ്റോറണ്ടിലേക്ക് കാർ ഇടിച്ചുകയറ്റി. 13 കാരിയായ പെൺകുട്ടി കൊല്ലപ്പെട്ടു. പാരീസിൽ നിന്ന് 40 മൈൽ അകലെ സെപ്റ്റ്-സോർട്ട്‌സിലാണ് റെസ്‌റ്റോറണ്ടിലേക്ക് ബിഎംഡബ്ല്യു ഇടിച്ചുകയറ്റിയത്. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. എട്ടോളം പേർക്ക് നിസ്സാര പരിക്കുണ്ട്.

സംഭവത്തിന് പിന്നിൽ ഭീകരബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കാർ ഇടിച്ചുകയറ്റിയ വ്യക്തിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ട്. കഴിഞ്ഞാഴ്ച,പാരീസിൽ അഞ്ച് സൈനികരെ ബിഎംഡബ്ലുവിൽ പാഞ്ഞ് വന്ന് ഇടിച്ചിട്ട അനധികൃത കുടിയേറ്റക്കാരനെ പൊലീസ് പിടികൂടിയിരുന്നു.ഭീകരാക്രമണഭീഷണിയെ തുടർന്ന് അടിയന്തരാവസ്ഥ നിലനിൽക്കുന്ന ഫ്രാൻസിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടും ഒറ്റപ്പെട്ട ആക്രമണങ്ങൾ ആവർത്തിക്കുന്നത് അധികൃതരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്നത്തെ ആക്രമണത്തെ കുറിച്ച് ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു.