വിയന്ന: ചീറിപ്പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ വീണിട്ട് ആരെങ്കിലും രക്ഷപ്പെട്ടതായി കേട്ടിട്ടുണ്ടോ? എന്നാൽ ഇവിടെ വിയന്നയിൽ അത്ഭുതമെന്നു പറയാവുന്ന രീതിയിൽ ഒരു മനുഷ്യൻ രക്ഷപ്പെട്ടിരിക്കുന്നു. Museumsquartier സ്റ്റേഷനിൽ u-Bahn ട്രെയിനിനു മുന്നിൽ വീണ മുപ്പതുകാരനാണ് ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നത്.

ഞായറാഴ്ച രാവിലെ ഏഴിന് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന യുവാവ് പെട്ടെന്ന് കാൽതെന്നി ട്രാക്കിലേക്ക് വീഴുകയായിരുന്നു. യുവാവ് വീണതും ആ ട്രാക്കിലൂടെ ഒരു ട്രെയിൻ വന്നതു ഒരുമിച്ചായിരുന്നു. യുവാവ് വീഴുന്നത് കണ്ട് ട്രെയിനിന്റെ ഡ്രൈവർ എമർജൻസി ബ്രേക്ക് പിടിച്ചുവെങ്കിലും യുവാവിനു മുകളിലൂടെ ട്രെയിൻ പാഞ്ഞു കഴിഞ്ഞിരുന്നു. എന്നാൽ  ട്രാക്കുകൾക്കിടയിലുള്ള കൃത്യം വിടവിലേക്കാണ് യുവാവ് കമിഴ്ന്നു വീണത്. അതുകൊണ്ടാണ് പോറൽ പോലും ഏൽക്കാതെ യുവാവിന് രക്ഷപ്പെടാൻ സാധിച്ചതെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വ്യക്തമാക്കി.

ട്രെയിൻ കടന്നുപോയതിനു ശേഷം യുവാവ് തനിയെ ട്രാക്കിൽ നിന്ന് എഴുന്നേറ്റു വരികയായിരുന്നു പിന്നീട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിക്കൊന്നും ഇല്ലെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായതോടെ വീട്ടിലേക്ക് വിടുകയും ചെയ്തു.
വിയന്ന യു-ബാൻ ലൈനിൽ ട്രാക്കുകൾ തമ്മിലും നിലവും തമ്മിൽ 40 സെന്റീമീറ്റർ വിടവാണ് ഉള്ളത്. ഈ വിടവിൽ കൃത്യം യുവാവിന്റെ ശരീരം ചേർന്നു കിടന്നാണ് ഇയാൾക്ക് ഒട്ടും തന്നെ പരിക്ക് ഏൽക്കാതിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. എന്നാൽ യുവാവിന്റെ ശരീരം ചെറുതായിരുന്നതു കൊണ്ടാണ് ഇയാൾക്ക് ഈ ഭാഗ്യം കൈവന്നതെന്നും. ട്രാക്കിലേക്ക് വീഴുന്നവർക്കെല്ലാം ഇത്തരത്തിൽ ഭാഗ്യദേവത കൂടെക്കാണണമെന്നില്ലെന്നും വീനർ ലിനിയൻ ട്രാൻസ്‌പോർട്ട് കമ്പനി വക്താവ് അറിയിച്ചു.

ട്രാക്കിലേക്ക് ആരെങ്കിലും വീഴുന്നത് കണ്ടാലുടൻ പ്ലാറ്റ്‌ഫോമിലുള്ള എമർജൻസി സ്‌റ്റോപ്പ് ലിവർ വലിക്കണമെന്ന് വക്താവ് ഉദ്‌ബോധിപ്പിച്ചു. ട്രെയിനു നിർത്താൻ സാധിച്ചാൽ ട്രാക്കിൽ വീണയാൾക്ക് ട്രാക്കിനോട് ചേർന്നുള്ള escape niche യിലേക്ക് ഊർന്നിറങ്ങി രക്ഷപ്പെടാമെന്നും വക്താവ് അറിയിച്ചു.