സിംഗപ്പൂർ:  കാമുകിയായ വനിതയെ ശാരീരികമായി പീഡിപ്പിച്ചതിന് ഇന്ത്യൻ വംശജന് 8 മാസത്തെ ജയിൽ ശിക്ഷ.  ശ്രീ മുരുകൻ സുബ്രമണ്യൻ എന്ന 44കാരനാണ് ശിക്ഷ ലഭിച്ചത്. കാമുകിയായ രാധികാ രാജവർമ അവരുടെ മുൻ ഭർത്താവിന്റെ ചിത്രം ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്തതിൽ പ്രകോപിതനായ സുബ്രമണ്യം അവരുടെ കവിളിൽ സിഗററ്റ് കുറ്റി വച്ച് പൊള്ളിക്കുകയായിരുന്നു. എട്ട് മാസം തടവും 4000 രൂപ പിഴയുമാണ് കോടതി ഇയാൾക്ക് വിധിച്ചത്.  

മാർച്ച് 15നാണ് കേസിനാസ്പദമായ സംഭവം.  സുഹൃത്തുക്കളുടെ മുന്നിൽ വച്ച് മുരുകൻ  രാധികയെ ശല്യപ്പെടുത്തുകയും തല്ലുകയും ചെയ്തു.   രക്ഷപ്പെടാൻ അപ്പാർട്ട്‌മെന്റിൽ കയറി  വാതിൽ അടച്ച രാധികയെ പുറത്തു നിന്നു ഭീഷണിപ്പെടുത്തുകയും പുറത്തുണ്ടായിരുന്ന ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തു.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാൾ കുറ്റം നിഷേധിച്ചു.  വിലങ്ങണിയിക്കാനെത്തിയ പൊലീസ് ഓഫീസറെ അസഭ്യം പറയുകയും ചെയ്തു. തന്റെ കാമുകിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സഹോദരിയേയും മകളേയും ഇയാൾ മുൻപ് മർദ്ദിച്ചിരുന്നു.