കോർക്ക്: റൂം ഷെയറിനായി ആളെ ആവശ്യമുണ്ടെന്ന പരസ്യം നൽകിയതിനെത്തുടർന്ന് റൂം കാണാനെത്തിയ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോർക്ക് കോടതി നാലു വർഷം തടവിന് വിധിച്ചു. കൊല്ലം സ്വദേശിയായ ദിലീഷ് സോമൻ ആണ് കോർക്ക് സർക്ക്യൂട്ട് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഒരു വർഷം മുമ്പു നടന്ന സംഭവത്തിൽ ആകെയുള്ള നാലു വർഷത്തിൽ ഒരു വർഷം കോടതി ഇളവു നൽകിയിട്ടുണ്ട്. കോർക്ക് ഡഗ്ലസ് ട്രാംവേ ടെറസിൽ ഭാര്യയുമൊത്ത് താമസിക്കുന്ന ദിലീഷ് സോമൻ ആറു വർഷം മുമ്പാണ് അയർലണ്ടിൽ എത്തുന്നത്.

ഡ്രാഫ്റ്റ് ഡോട്ട് ഐഇ എന്ന പ്രോപ്പർട്ടി വെബ്‌സൈറ്റിൽ റൂം ഷെയറിനായി ആളെ ആവശ്യമുണ്ടെന്നു കാട്ടിയാണ് കോർക്ക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി പരസ്യം നൽകിയത്. പരസ്യത്തോട് പ്രതികരിച്ച ദിലീഷ് അപ്പാർട്ട്‌മെന്റിൽ റൂം കാണാനെത്തിയപ്പോൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. എന്നാൽ റൂം കാണാനെത്തിയപ്പോൾ തന്നെ ഇയാൾക്ക് റൂം എടുക്കുന്നതിൽ താത്പര്യമില്ലെന്ന് ബോധ്യപ്പെട്ടുവെന്നും ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചുവെങ്കിലും ഇയാൾ ബലമായി തന്നെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി കോടതിയിൽ ബോധ്യപ്പെടുത്തി.

അപ്പാർട്ട്‌മെന്റിലെ ബെഡ്‌റൂമിൽ കയറിയ യുവാവ് റൂമിനുള്ളിൽ മോശം എനർജിയാണ് ഉള്ളതെന്നും തുടർന്ന് കൈമുട്ട്, കൈത്തണ്ട, കാൽമുട്ട്, വയർ എന്നിവിടങ്ങൾ കാട്ടാൻ തന്നോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ അമ്പരന്നു നിൽക്കവേ ഇയാൾ തന്നെ കയറിപ്പിടിച്ചതായും പിന്നീട് തന്റെ ലൈംഗികാവയങ്ങളിൽ സ്പർശിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. പിന്നീട് ബലമായി തന്നെ ചുംബിക്കുകയും തന്റെ തലയിൽ നിന്ന് മുടി പിഴുതെടുത്ത് അയാളുടെ പഴ്‌സിൽ വച്ചുവെന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നു. പിന്നീട് ഇയാൾ തനിക്ക് ടെക്സ്റ്റ് മെസേജ് അയച്ചുവെന്നും ഗാർഡയോട് യുവതി പറഞ്ഞു.

ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥിനി ഗാർഡയ്ക്ക് കേസു കൊടുത്തതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. പ്രതി വിവാഹിതനാണെന്നും അതിനാൽ ശിക്ഷയ്ക്ക് ഇളവു നൽകണമെന്നും പ്രതിഭാഗം വക്കീൽ വ്യക്തമാക്കിയെങ്കിലും ചെയ്ത തെറ്റിന്റെ ഗൗരവം പരിഗണിച്ച് കോടതി ഈയാവശ്യം നിരാകരിക്കുകയായിരുന്നു.
കേസിൽ വിധി പ്രസ്താവിക്കുന്ന ദിവസം വിദ്യാർത്ഥിനി കോടതിയിലെത്തിയില്ല. തനിക്ക് അയാളെ വീണ്ടും കാണാൻ ഇഷ്ടമില്ലെന്നും അയാളിൽ നിന്നുണ്ടായ ദുരനുഭവം മൂലം ഏറെ വെറുക്കുന്നുവെന്നും യുവതി ഗാർഡയ്ക്കു നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇയാളുടെ പ്രവർത്തി തന്റെ ജീവിതത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നും ഇനി ആർക്കും ഇത്തരത്തിൽ ഉണ്ടാകരുതെന്നാണ് പ്രാർത്ഥനയെന്നും യുവതി പ്രസ്താവനയിൽ കുറിച്ചു.

മലയാളി യുവാവ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസ് അയർലണ്ടിലെ മലയാളികൾക്കിടയിൽ ഏറെ ചർച്ചാവിഷയമായിരുന്നു. കോർക്കിലെ പിസ്സാ ഡെലിവറി യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.