ദുബായ്: കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്ന അറബ് ലോകത്ത് തദ്ദേശീയർക്ക് വേറെ നിയമമുണ്ടോ? ഇന്ത്യക്കാരനായ വ്യവസായിയെ കൊന്ന കേസ്സിൽ എമിറേറ്റ്‌സുകാരനായ പ്രതിക്ക് ലഭിച്ചത് രണ്ടുവർഷം മാത്രം തടവ്. ഹോട്ടലിൽവച്ച് സെൽഫി എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിലാണ് 45-കാരനായ മഹേന്ദ്രൻ യാദവ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് ദുബായ് മറീന ഹോട്ടലിൽവച്ച് കൊലപാതകം നടന്നത്. രണ്ടുവട്ടം തലയ്ക്കടിയേറ്റ മഹേന്ദ്രൻ പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു. എമിറേറ്റ്‌സ് ഹോംസ് റിയൽ എസ്‌റ്റേറ്റ് ബ്രോക്കേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമകളിലൊരാളാളായിരുന്നു മഹേന്ദ്രൻ.

മഹേന്ദ്രനെ കൊലപ്പെടുത്തിയതിന് 22-കാരനായ എമിറേറ്റ്‌സ്‌കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം ചിത്രങ്ങൾ പകർത്തുകയായിരുന്ന മഹേന്ദ്രനെ അകാരണമായി പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് സാക്ഷികൾ അതിവേഗ കോടതിയിൽ മൊഴി നൽകി. പ്രതിക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ ചിത്രം പകർത്തുകയാണെന്ന സംശയമാണ് വാ്ക്കുതർക്കത്തിലേക്കും അക്രമത്തിലേക്കും വഴിമാറിയത്.

എന്നാൽ, പ്രതി തലയ്ക്കടിച്ചതുകൊണ്ടല്ല, ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ ട്രോളിയിൽനിന്ന് താഴെവീണ് തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ലെങ്കിലും പ്രതിക്ക് കടുത്ത ശിക്ഷ നൽകാൻ തയ്യാറായില്ല. വെറും രണ്ടുവർഷത്തെ തടവുശിക്ഷയാണ് പ്രതിക്ക് അനുഭവിക്കേണ്ടത്.