- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ നിന്നെത്തിയ യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടു പോയി; എട്ടു പേർ അറസ്റ്റിൽ; പ്രതികൾ ക്രിമിനൽസംഘത്തിൽ പെട്ടവരായതിനാൽ കാപ്പ ചുമത്താനും സാധ്യത
ആലുവ: കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് അന്താരാഷ്ട്ര ടെർമിനലിൽ ഷാർജയിൽ നിന്നെത്തിയ താജു തോമസ് എന്നയാളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എട്ട് പേരെ കൂടി പൊലീസ് പിടികൂടി. ആലുവ കമ്പനിപ്പടി കോട്ടക്കകത്ത് വീട്ടിൽ ഔറാംഗസീബ് (39), മാഞ്ഞാലി സ്വദേശികളായ താണിപ്പാടം ചന്തതോപ്പിൽ വീട്ടിൽ ഷിറിൽ (30), ചൂളക്കപ്പറമ്പിൽ വീട്ടിൽ ഷംനാസ് (22), മാവിൻ ചുവട് ചെറുപറമ്പിൽ മുഹമ്മദ് സാലിഹ് (25), കണ്ടാരത്ത് വീട്ടിൽ അഹമ്മദ് മസൂദ് (24), മാവിൻ ചുവട് മണപ്പാടത്ത് വീട്ടിൽ സക്കീർ (27), ആലങ്ങാട്ട് വീട്ടിൽ കംറാൻ എന്ന് വിളിക്കുന്ന റയ്സൽ (27), വലിയ വീട്ടിൽ റിയാസ് (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതിയായ പെരുമ്പാവൂർ മുടിക്കൽ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടൻ വീട്ടിൽ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) യെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. താജു തോമസ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ കാത്തുനിന്ന രണ്ട് പേർ ബലമായി ഇയാൾ വിളിച്ച പ്രീപെയ്ഡ് ടാക്സിയിൽ കയറുകയും പിന്നീട് വിമാനത്താവളത്തിനു പുറത്ത് പെട്രോൾ പംമ്പിനു സമീപം അഞ്ചോളം കാറുകളിലായി എത്തിയവർ ടാക്സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജിൽ നിന്നും കണ്ടെത്തി.
കാർ വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2019 ൽ മുബാറക്ക് എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് മുഹമ്മദ് സാലിഹും, അഹമ്മദ് മസൂദും. കേസിലെ മറ്റൊരു പ്രതിയായ ഔറാംഗസീബ് കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളുടെ പൂർവകാല പശ്ചാത്തലം പരിശോധിച്ച് കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കും. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ആലുവ ഡി.വൈ.എസ്പി റ്റി.എസ്.സിനോജ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ റ്റി.ശശികുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.