കാലിഫോർണിയ: കാറിന്റെ ജനൽ തകർക്കാൻ ശ്രമിക്കുന്നുവെന്ന സന്ദേശം കിട്ടി മോഷ്ടാവിനായി തിരച്ചിലിന് ഇറങ്ങിയ പൊലീസിന്റെ വെടിയേറ്റ് കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധം. കയ്യിൽ മൊബൈൽ ഫോണുമായി നിന്ന യുവാവ് തോക്കുചൂണ്ടി നിൽക്കുന്നു എന്ന് തെറ്റിദ്ധരിച്ച് ഹെലികോപ്റ്ററിൽ നിരീക്ഷണത്തിന് എത്തിയ പൊലീസ് വെടിയുതിർക്കുകയായിരുന്നു. കറുത്ത വർഗക്കാരനായ യുവാവ് സ്വന്തം വീട്ടുമുറ്റത്തുവച്ചാണ് വെടിയേറ്റു മരിച്ചത് എന്നത് പൊലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി എന്നതിന് ദൃഷ്ടാന്തമായി.

എന്നാൽ യുവാവിന്റെ കയ്യിലുണ്ടായിരുന്നത് തോക്കല്ല, ഐഫോണാണെന്ന് പിന്നീടാണ് പൊലീസിന് മനസ്സിലായത്. ഹെലികോപ്റ്ററിൽ യുവാവിനെ പിന്തുടർന്ന പൊലീസ് 20 തവണ് വെടിയുതിർക്കുകയും ചെയ്തതോടെ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. സംഭവം നടക്കുമ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടേയും വീടിന്റെ മുറ്റത്തായിരുന്നു കൊല്ലപ്പെട്ട 22കാരനായ സ്റ്റീഫൻ ക്‌ളാർക്ക്. ആഫ്രിക്കൻ അമേരിക്കൻ വംശജനെ ഇത്തരത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് കാലിഫോർണിയയിൽ വലിയ പ്രതിഷേധം ഉയരുകയാണ്.

ഇത്തരം ഒരു സംഭവം നടന്നതായി ബോഡി കാമറ, ഹെലികോപ്റ്റർ ഫൂട്ടേജുകൾ എന്നിവയിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ഡിപ്പാർട്ട്‌മെന്റ് തന്നെ പുറത്തുവിട്ടതോടെയാണ് വ്യക്തമായത്. പൊലീസിന് ലഭിച്ച ടെലിഫോൺ കോളിനെ തുടർന്ന് ഇൻഫ്രാറെഡ് കാമറയുള്ള ഹെലികോപ്റ്ററുമായി യുവാവിനെ പിന്തുടരുകയായിരുന്നു.

തങ്ങളുടെ കാറിന്റെ ജനൽ തകർക്കാൻ ആരോ ശ്രമിക്കുന്നു എന്ന സന്ദേശം ലഭിച്ചതോടെയാണ് പൊലീസ് നിരീക്ഷണത്തിന് ഇറങ്ങിയത്. വീട്ടുമതിൽ ചാടിക്കടന്ന് തന്റെ വീട്ടിലേക്ക് ഓടിക്കയറുന്ന ക്‌ളാർക്കിനെക്കണ്ട് അക്രമിയാണെന്ന് പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നു. ക്‌ളാർക്കിന്റെ കൈയിലുണ്ടായിരുന്ന ഐ ഫോൺ കണ്ട് 'തോക്ക് തോക്ക്' എന്ന് പറയുന്ന പൊലീസുകാരന്റെ ശബ്ദവും ഫൂട്ടേജിൽ വ്യക്തമാണ്.

കൈവശമുള്ള തോക്കുപയോഗിച്ച് ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാവിനെ പൊലീസ് വെടിവെച്ചതെന്നും എന്നാൽ യുവാവിന്റെ പക്കൽ നിന്നും ഒരു സെൽഫോൺ മാത്രമാണ് ലഭിച്ചതെന്നും പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ക്രമസമാധാനപാലനത്തിന്റെ പേരിൽ ആഫ്രിക്കൻ - അമേരിക്കൻ വംശജർ വർഷംതോറും വലിയ തോതിൽ പൊലീസിൽ നിന്ന് ആക്രമണം നേരിടുന്നു എന്നതും വലിയ ചർച്ചയാവുകയാണ് ഇപ്പോൾ.