അബൂദബി: ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് മലയാളിക്ക് പത്ത് വർഷം തടവും അഞ്ച് ലക്ഷം ദിർഹം പിഴയും ശിക്ഷ. തടവു ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. സായിദ് തുറമുഖത്ത് ജോലി ചെയ്തിരുന്ന മുഹമ്മദ് ഇബ്രാഹിം എന്ന വ്യക്തിക്കാണ് ശിക്ഷ വിധിച്ചത്.

അബൂദബിയിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകളുടെ വിവരങ്ങൾ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥന് കൈമാറിയെന്ന കേസിലാണ് മുഹമ്മദ് ഇബ്രാഹിമിനെ ഫെഡറൽ സുപ്രീം കോടതി ശിക്ഷിച്ചത്.

തന്റെ മകളുടെ പാസ്‌പോർട്ട് അപേക്ഷ വേഗത്തിലാക്കുന്നതിനായി വിവരങ്ങൾ നൽകുവാൻ നിർബന്ധിതനാകുകയായിരുന്നു താനെന്ന് മുഹമ്മദ് ഇബ്രാഹിം കോടതിയിൽ പറഞ്ഞു. തുറമുഖത്തിലെ ഇലക്ട്രോണിക് സംവിധാനം അനുമതിയില്ലാതെ ഉപയോഗിച്ച് വിവരങ്ങൾ കൈവശമാക്കിയെന്ന് കോടതിയിൽ വ്യക്തമായിരുന്നു. തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

ഒക്ടോബർ അവസാനം നടന്ന വിചാരണയിൽ മകൾക്ക് പാസ്‌പോർട്ട് ലഭിക്കുന്നതിനായി എംബസിയിൽ 42 ദിവസം കാത്തിരിക്കേണ്ടി വന്നതായും വിവരങ്ങൾ കൈമാറാൻ ഉദ്യോഗസ്ഥൻ നിർബന്ധിക്കുകയായിരുന്നുവെന്നും പ്രതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തുനൽകില്‌ളെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. എന്നാൽ, തനിക്ക് ഭാര്യയും മക്കളുമുണ്ട്. ഈ സാഹചര്യത്തിൽ തെറ്റ് ചെയ്യേണ്ടി വന്നതായും മുഹമ്മദ് ഇബ്രാഹിം കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.