ഫെർഗൂസൻ: ഏറെ കോളിളക്കം സൃഷ്ടിച്ച മൈക്കിൾ ബ്രൗൺ സംഭവത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഫെർഗൂസനിൽ നടന്ന പ്രകടനം അക്രമാസക്തമായി. തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പിൽ മിസൗറി സ്വദേശിയായ യുവാവിന് പരിക്കേറ്റു.

ഒരു വർഷം മുമ്പ് ഫെർഗൂസനിൽ വച്ച് മൈക്കിൾ ബ്രൗൺ എന്ന കറുത്തവർഗക്കാരനായ ടീനേജുകാരനെ പൊലീസ് വെടിവച്ചു കൊന്നതിന്റെ വാർഷികാചരണത്തോടനുബന്ധിച്ച് നടന്ന പ്രകടനമാണ് അവസാനം വെടിവയ്പിൽ കലാശിച്ചത്. മൈക്കിൾ ബ്രൗണിനോടുള്ള ആദരസൂചകമായി ഒത്തുചേർന്ന പ്രകടനം തുടക്കത്തിൽ സമാധാനപരമായിരുന്നുവെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ അക്രമാസക്തമാകുകയായിരുന്നു. പ്രകടനക്കാരിൽ ചിലർ കല്ലുകളും കുപ്പികളും പൊലീസിനു നേർക്ക് എറിഞ്ഞതോടെയാണ് പൊലീസ് വെടിയുതിർത്തത്. പൊലീസ് വെടിവയ്പിൽ ഇരുപതുകാരന് ഗുരുതരമായ പരിക്കേറ്റു.

2014 ഓഗസ്റ്റിലാണ് മൈക്കിൾ ബ്രൗൺ എന്ന പതിനെട്ടുകാരൻ വെള്ളക്കാരനായ പൊലീസുകാരന്റെ വെടിയേറ്റ് മരിക്കുന്നത്. ബ്രൗണിന്റെ മരണം അമേരിക്കയിലാകമാനം ഒട്ടേറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥർ കറുത്തവർഗക്കാർക്കെതിരേ നടത്തുന്ന അക്രമങ്ങളിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് മിക്ക സംസ്ഥാനങ്ങളിലും ആഭ്യന്തര കലാപം വരെ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. വെടിവച്ച പൊലീസുകാരനെ സർവീസിൽ നിന്നു നീക്കം ചെയ്യുന്നതു വരെ ഫെർഗൂസനിൽ കലാപമായിരുന്നു.