ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിൽ ബക്കിങ്ഹാം സ്ട്രീറ്റിൽ ഒരു ഹൗസിങ് കോംപ്ലക്‌സിനു സമീപം യുവാവ് വെടിയേറ്റു മരിച്ചു. തലയ്ക്ക് വെടിയേറ്റ യുവാവ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം അരങ്ങേറുന്നത്. യുവാവിനെ വെടിവയ്ക്കാൻ ഷോർട്ട് ഗണ്ണാണ് ഉപയോഗിച്ചതെന്ന് പൊലീസ് അനുമാനിക്കുന്നു.

നോർത്ത് ഇന്നർ സിറ്റി എംപ്രസ് പ്ലേസിലെ കില്ലാർനി കോർട്ട് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന് പിന്നിൽ വച്ചാണ് യുവാവിന് വെടിയേൽക്കുന്നത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെത്തുടർന്ന് ബക്കിങ്ഹാം സ്ട്രീറ്റ് ഗാർഡ സീൽ ചെയ്തിരിക്കുകയാണ്. ഈ മേഖലകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ രണ്ടു സംഭവങ്ങൾ നടന്നതായി പൊലീസ് വെളിപ്പെടുത്തുന്നു. സംഭവദിവസം വൈകുന്നേരം 7.30ന് ഒരു ടാക്‌സി ഡ്രൈവർ കൊള്ളയടിക്കപ്പെട്ടതാണ് ഒരു സംഭവം. ഈ സംഭവത്തിൽ ഒരു ഷോർട്ട് ഗൺ ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് മണിക്കൂറുകൾക്കു ശേഷം സമീപത്തുള്ള ടാൽബോട്ട് സ്ട്രീറ്റിൽ ഭവനരഹിതനായ ഒരാൾക്ക് ക്രൂരമായ മർദനം ഏറ്റ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഭവനരഹിതനെ മർദിച്ചതിന്റെ പേരിലാണ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ സ്റ്റോർ സ്ട്രീറ്റ് ഗാർഡ സ്‌റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. പൊലീസിന്റെ പക്കൽ നിന്നും വിവരങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന സംശയത്തിന്റെ പേരിൽ മറ്റൊരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. ഇവരെ മൗണ്ട് ജോയ് ഗാർഡ സ്‌റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.