മസ്‌കറ്റ്: പൊലീസിന്റെ പരിശീലനം നേടിയ 21 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർക്ക് മാത്രമേ ഡ്രൈവറാകാവൂ, എല്ലാ ടാക്‌സികളും മീറ്റർ നിർബന്ധം തുടങ്ങിയ നിർദ്ദേശങ്ങളുമായി ഒമാനിലെ ടാക്സികൾക്കായി ഗതാഗത വാർത്താവിനിമയമന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

യാത്രക്കാരുടെ സുരക്ഷയെയും സൗകര്യത്തെയും പരിഗണിച്ചുകൊണ്ടാണ് ഒമാൻ ഗതാഗത വാർത്താവിനിമയമന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നത്. സർക്കാർ അംഗീകരിച്ച നിരക്കുകൾമാത്രമേ ഇനിയും യാത്രക്കാരിൽനിന്ന് ഈടാക്കാൻ അനുവാദമുള്ളൂ. യാത്രക്കാരനെ ലക്ഷ്യസ്ഥാനത്തെത്തിക്കാതെ അകാരണമായി വഴിമധ്യേ യാത്ര അവസാനിപ്പിക്കുന്ന ടാക്സികൾക്ക് ഇനിമുതൽ യാത്രക്കാരൻ പണം നൽകേണ്ടതില്ല.

റോയൽ ഒമാൻ പൊലീസിന്റെ പരിശീലനം നേടിയ 21 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർക്ക് മാത്രമേ ടാക്സിഡ്രൈവറായി ജോലിചെയ്യാൻ അനുവാദമുള്ളൂ .ടാക്സികൾ പൂർണമായും സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരിക്കണം. മൂന്നുവർഷമെങ്കിലും കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കുകയുംവേണം. എന്നാൽ, സ്വകാര്യ കമ്പനിയിൽ 600 ഒമാനി റിയാലിൽ കൂടുതൽ മാസശമ്പളം ഉള്ളവർക്ക് ടാക്സിഡ്രൈവർമാരായി പ്രവർത്തിക്കാൻ സാധിക്കില്ല.

ടാക്സികളിൽ മീറ്റർ സ്ഥാപിക്കണമെന്നും അതിന്റെ കൃത്യത ആറുമാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് നേടിയിരിക്കുകയും വേണം. വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ വിവരങ്ങളും മുൻസീറ്റിലും ഡ്രൈവറുടെ സീറ്റിനുപിന്നിലും സ്ഥാപിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു .