ലണ്ടൻ: ടോയ്‌ലറ്റ് വാതിൽ ആണെന്ന് തെറ്റിദ്ധരിച്ച് സ്‌കോട്ട്‌ലന്റ്കാരൻ തുറക്കാൻ ശ്രമിച്ചത് ജറ്റ് വിമാനത്തിന്റെ വാതിൽ. 30000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിന്റെ വാതിൽ ആണ് ഇയാൾ തുറക്കാൻ ശ്രമിച്ചത്. ഇയാൾക്ക് 600 യൂറോ പിഴ ശിക്ഷയായി അധികൃതർ നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ചു വർഷത്തേക്ക് എയർലൈൻ യാത്രയിൽ നിന്ന് വിലക്കുകയും ചെയ്തു.

ടോയ്‌ലറ്റിന്റെ വാതിലാണെന്ന് കരുതി ഡോറിൽ തൊടുകയായിരുന്നു എന്ന് ഇയാൾ പിന്നീട് വ്യക്തമാക്കി. കെഎൽഎം ഫ്‌ളൈറ്റിന്റെ എഡിൻബർഗിൽ നിന്നും ആംസ്റ്റർഡാമിലേക്കുള്ള യാത്രയ്ക്കിടയിലാണ് ജെയിംസ് േ്രഗ എന്ന യാത്രക്കാരന് ഭീകരമായ അബദ്ധം പിണയുന്നത്. ഫ്‌ളൈറ്റ് സ്‌കിപ്‌ഹോൾ എയർപോർട്ടിൽ ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം.

ഫ്‌ളൈറ്റ് ലാന്റ് ചെയ്ത ഉടൻ ഇയാൾ കസ്റ്റഡിയിലാണെന്ന് പൊലീസ് അധികൃതർ അറിയിക്കുകയായിരുന്നുവെന്നും അബദ്ധം പറ്റിയതാണെന്ന് പറയാൻ ശ്രമിച്ചിരുന്നെങ്കിലും അവർ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും പിന്നീട് ഇയാൾ പറഞ്ഞു.