- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ ക്രൂരമായ കൊലപാതകം നടത്തിയശേഷം ഗൾഫിൽ 25 വർഷം സുഖജീവിതം; പി.വി അൻവർ എംഎൽഎയുടെ അനന്തിരവനായ ഒന്നാം പ്രതിയുടെ കാൽനൂറ്റാണ്ട് കാലത്തെ ഒളിവ് ജീവിതം ഞെട്ടിക്കുന്നതെന്ന് കോടതി; മനാഫ് വധക്കേസിൽ പ്രതി മാലങ്ങാടൻ ഷെഫീഖിന്റെ ജാമ്യാപേക്ഷ വീണ്ടുംതള്ളി
മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ഒതായി പള്ളിപറമ്പൻ മനാഫിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തിയ കേസിൽ 25 വർഷത്തിനു ശേഷം പിടിയിലായ പി.വി അൻവർ എംഎൽഎയുടെ സഹോദരീ പുത്രൻ ഒന്നാം പ്രതി എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷെഫീഖി (50) ന്റെ ജാമ്യാപേക്ഷ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജ് ടോമി വർഗീസ് തള്ളി. നാട്ടിൽ ക്രൂരമായ കൊലപാതകം നടത്തിയശേഷം പ്രതി ഗൾഫിൽ 25 വർഷം ഒളിവിൽ സുഖജീവിതം നയിച്ചത് കോടതിയുടെ മനസിനെ ഞെട്ടിക്കുന്നതെന്ന് വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യം അനുവദിച്ചാൽ പ്രതി വീണ്ടും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ഇത് വിചാരണ നീളാനും ഇരക്ക് നീതി നിഷേധിക്കാനും ഇടയാകുമെന്നും കോടതി വിലയിരുത്തി. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് ജാമ്യാപേക്ഷയെ എതിർത്തിരുന്നു. രണ്ടാം തവണയാണ് വിചാരണക്കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുന്നത്.
കേസിലെ കൂട്ട് പ്രതികളായിരുന്ന എളമരം മപ്രം പയ്യനാട്ട്തൊടിക എറക്കോടൻ ജാബിർ എന്ന കബീർ (45),നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നിലനിൽക്കെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ നിന്നും ജാമ്യം നേടിയത് മുമ്പ് വിവാദമായിരുന്നു. നിയമത്തെ കബളിപ്പിച്ചാണ് പ്രതികൾ ജാമ്യം നേടിയതെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും രണ്ടു പേർക്കും 15,000 രൂപവീതം പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വിചാരണക്കോടതി ജാമ്യം അനുവദിച്ചതിൽ മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർക്ക് പരാതിയും നൽകി. ഹൈക്കോടതി ജില്ലാ ജഡ്ജിയോട് അന്വേഷിക്കാൻ ഉത്തരവിടുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വഴി വിട്ട് ജാമ്യം നൽകിയ ജഡ്ജിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
1995 ഏപ്രിൽ 13നാണ് പി.വി അൻവറിന്റെ വീടിന് മുന്നിലെ ഒതായി അങ്ങാടിയിൽ നടുറോഡിൽ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് മനാഫിനെ മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്.
അൻവറടക്കമുള്ള പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ. കേസിൽ ഒന്നാം പ്രതിയടക്കം പിന്നീട് പിടിയിലായ നാലു പ്രതികളുടെ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. മനാഫിന്റെ സഹോദരൻ സമർപ്പിക്കുന്ന പാനലിൽ നിന്നും രണ്ടു മാസത്തിനകം സ്പെഷൽ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്നുമുള്ള കഴിഞ്ഞ വർഷം നവംബർ 27ലെ ഹൈക്കോടതി ഉത്തരവും ഇതുവരെ നടപ്പായിട്ടില്ല.