- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനാഫ് വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് രണ്ടുതവണ; നിയമനം പൊതുമുതൽ ധൂർത്തെന്ന് വിലയിരുത്തി തീരുമാനം നീട്ടി സർക്കാർ; സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം വൈകിപ്പിക്കുന്നത് പി.വി.അൻവർ എംഎൽഎ അടക്കമുള്ളവരെ സഹായിക്കാനെന്ന് ആരോപണം; മനാഫ് വധക്കേസിൽ ഇരയുടെ സഹോദരന്റെ കോടതിയലക്ഷ്യഹർജി
കൊച്ചി: പി.വി അൻവർ എംഎൽഎ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ എംഎൽഎയുടെ അനന്തരവന്മാരടക്കമുള്ള പ്രതികളുടെ വിചാരണക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഒമ്പത് മാസമായി നടപ്പാക്കാത്തതിനെ തുടർന്ന് മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് സർക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് ഹർജി സമർപ്പിച്ചു. രണ്ട് തവണയാണ് ഹൈക്കോടതി സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കാൻ അനുകൂല ഉത്തരവിട്ടത്.
കീഴടങ്ങിയ പ്രതികളുടെ വിചാരണക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ നൽകിയ ഹരജിയിൽ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാൻ ഹൈക്കോടതി 2019 മെയ് 20തിന് ഉത്തരവിട്ടിരുന്നു. രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവിൽക്കഴിഞ്ഞ പ്രതികൾ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്പെഷൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ് അനുകൂല തീരുമാനമെടുക്കാൻ ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി നടത്തിയ വിചാരണയിൽ സ്പെഷൽ പ്രോസിക്യൂട്ടർ അനുവദിക്കാമെന്ന് ശുപാർശ ചെയ്തു.
എന്നാൽ ഡി.ജി.പി ശ്രീധരൻനായർ നൽകിയ എതിർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടർ ആവശ്യം തള്ളിയത്. മനാഫ് വധക്കേസിൽ പൊതുതാൽപര്യമില്ലെന്നും പ്രതികളെ വെറുതെവിട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുമുതൽ ധൂർത്തടിക്കലാകുമെന്നുമായിരുന്നു കേസിലെ അന്നത്തെ പ്രോസിക്യൂട്ടർ കൂടിയായ നിലവിലെ ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ സി. ശ്രീധരൻ നായരുടെ റിപ്പോർട്ട് . ഈ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരൻ നായർ ഡി.ജി.പിയായതോടെയാണ് സ്പെഷൽ പ്രോസിക്യൂട്ടറുടെ ഒഴിവ് വന്നത്.
സ്പെഷൽ പ്രോസിക്യൂട്ടറുടെ വേതനം നൽകാൻ തയ്യാറാണെന്ന് മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതും സർക്കാർ പരിഗണിച്ചില്ല. ഇതോടെയാണ് മനാഫിന്റെ സഹോദരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ ഉത്തരവ് തള്ളിയ ജസ്റ്റിസ് അശോക് മേനോൻ മനാഫിന്റെ സഹോദരൻ നിർദ്ദേശിക്കുന്ന അഭിഭാഷക പാനലിൽ നിന്നും രണ്ടു മാസത്തിനകം സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് 2019 നവംബർ 27ന് ഉത്തരവിട്ടു.
കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി അൻവർ എംഎൽഎയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും സഹോദരൻ അബ്ദുൽറസാഖിന്റെ റിവിഷൻ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതും നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. ഇക്കഴിഞ്ഞ ജനുവരി 27ന് മനാഫിന്റെ സഹോദരൻ മൂന്നംഗ അഭിഭാഷക പാനൽ സമർപ്പിച്ചെങ്കിലും സർക്കാർ അതിൽ നിന്നും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയ്യാറായില്ല.
1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നൽകാനോ ശ്രമിക്കാതെ അന്നത്തെ പ്രോസിക്യൂട്ടർ സി.ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി.
കേസിൽ പി.വി അൻവറിന്റെ രണ്ട് സഹോദരീപുത്രന്മാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല.
ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്. ഒന്നാം പ്രതിയായ പി.വി അൻവർ എംഎൽഎയുടെ സഹോദരീപുത്രൻ മാലങ്ങാടൻ ഷെഫീഖ് കഴിഞ്ഞ 25 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഷാർജയിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോൾ ഇക്കഴിഞ്ഞ ജൂൺ 24നാണ് അറസ്റ്റിലായത്.