- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാപ്പകൽ മനാഫെന്ന ചെറുപ്പക്കാരനെ കൊന്നുതള്ളിയ കേസിൽ രണ്ടാം പ്രതിയായി നാട്ടിൽ നിന്നും ഓടിപ്പോയ പി.വി അൻവർ ഇന്ന് എംഎൽഎ; പണവും സ്വാധീനവുമുള്ള അൻവറിനും സംഘത്തിനും മുന്നിൽ നിയമം നട്ടെല്ലു വളയ്ക്കുന്ന കാഴ്ചയും കണ്ടു; മനാഫിന് നീതി വേണം; കാൽനൂറ്റാണ്ടായി തുടരുന്ന നിയമ പോരാട്ടത്തിന് പിന്തുണ അഭ്യർത്ഥിച്ചും സഹോദരൻ അബ്ദുൽ റസാഖ്
മലപ്പുറം: 25വർഷംമുമ്പ് പട്ടാപകൽ കൊല്ലപ്പെട്ട മനാഫ് കൊലക്കേസിൽ നീതിതേടിയുള്ള പോരാട്ടത്തിന് പിന്തുണ തേടി ് മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ്. മലപ്പുറം ഒതായി അങ്ങാടിയിൽ പട്ടാപ്പകൽ മനാഫെന്ന ചെറുപ്പക്കാരനെ കൊന്നുതള്ളിയവർ പണത്തിന്റെ സ്വാധീനത്തിന്റെയും കരുത്തിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോൾ അവർക്കെതിരെ കഴിഞ്ഞ 25 വർഷമായി നിശബ്ദമായ നിയമപോരാട്ടത്തിലാണ് മനാഫിന്റെ കുടുംബം. മനാഫ് വധക്കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ എംഎൽഎ. കേസിലെ ഒന്നും മൂന്നും പ്രതികളായ അൻവറിന്റെ സഹോദരീപുത്രന്മാരായ ഷെഫീഖും ഷെരീഫും മനാഫിന്റെ കുടുംബം നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് 25 വർഷത്തിനു ശേഷമാണ് പിടിയിലായത്.
പിടിയിലായ പ്രതികളെ വിചാരണ ചെയ്യാൻ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് രണ്ട് തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ നടപ്പാക്കിയില്ല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് ഹൈക്കോടതിയിൽ കോടതി അലക്ഷ്യഹർജി സമർപ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതിയിലടക്കം നിയമയുദ്ധം തുടരാൻ കാൽനൂറ്റാണ്ടായി കുടുംബം നടത്തുന്ന നിയമപോരാട്ടം നിലയ്ക്കാതിരിക്കാൻ മനാഫിന് നീതിതേടിയുള്ള പോരാട്ടത്തിന് പിന്തുണ തേടുകയാണ് മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ്. റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
മനാഫിന് നീതി വേണം; കാൽനൂറ്റാണ്ടായി തുടരുന്ന നിയമപോരാട്ടത്തെ പിന്തുണയ്ക്കൂ
നീതിക്കായി കാൽനൂറ്റാണ്ടായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഞങ്ങളുടെ കുടുംബം. ഞങ്ങൾക്ക് താങ്ങും തണലുമായിരുന്ന എന്റെ സഹോദരൻ മനാഫ് ഇന്ന് ഞങ്ങൾക്കൊപ്പമില്ല. ഗൾഫിൽ നിന്നും മടങ്ങിയെത്തി നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുകയായിരുന്നു മനാഫ്. 25 വർഷം മുമ്പ് ഒതായി അങ്ങാടിയിൽവെച്ച് എന്റെ പിതാവിനെ മർദ്ദിച്ച് ഞങ്ങളുടെ കൺമുന്നിലിട്ടാണ് മനാഫിനെ നിഷ്ഠൂരമായി കുത്തികൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായി നാട്ടിൽ നിന്നും ഓടിപ്പോയ പി.വി അൻവർ ഇന്ന് എംഎൽഎയാണ്. പണവും സ്വാധീനവുമുള്ള അൻവറിനും സംഘത്തിനും മുന്നിൽ നിയമം നട്ടെല്ലുവളയ്ക്കുന്ന കാഴ്ചയാണ് കോടതിയിൽ കണ്ടത്. ഞങ്ങൾക്ക് നീതിതേടിത്തരാൻ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടർ സി. ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചു. ഒന്നാം സാക്ഷിയെ കൂറുമാറ്റിച്ചാണ് അൻവറടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികൾക്ക് ശിക്ഷവാങ്ങികൊടുക്കാനോ അദ്ദേഹം തയ്യാറായില്ല. മനാഫിന് നീതികിട്ടാത്തതിൽ മനംനൊന്ത് ഹൃദയംപൊട്ടിയാണ് എന്റെ ബാപ്പയും ഉമ്മയും മരിച്ചത്.
പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹരജി നൽകി കുടുംബം നിയമയുദ്ധം ഇപ്പോഴും തുടരുകയാണ്. ഇതേ ആവശ്യവുമായുള്ള സർക്കാരിന്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പി.വി അൻവറിന്റെ സഹോദരീ പുത്രന്മാരായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖും മൂന്നാം പ്രതി ഷെരീഫും 25 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയായിരുന്നു. അടിക്കടി നാട്ടിൽ വന്ന് മടങ്ങിയിരുന്ന ഇവരെ പിടിക്കാൻ പൊലീസ് ചെറുവിരലുപോലും അനക്കിയില്ല. കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട് തൊടിക കബീർ ഗൾഫിൽ ബിസിനസുമായി നാട്ടിൽ നാലരക്കോടിയുടെ മണിമാളിക പണിത് മുതലാളിയായി വിലസുകയായിരുന്നു. നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ വാട്ടർതീം പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇക്കാര്യം പല തവണ പൊലീസിനെ അറിയിച്ചിട്ടും ഇവരെ പിടികൂടാൻ തയ്യാറായില്ല. ഇതോടെ ഒളിവിലുള്ള നാല് പ്രതികളെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടു.
ഇതിനു പിന്നാലെയാണ് 2018 ഓഗസ്റ്റ് 30തിന് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ഷെരീഫും കീഴടങ്ങി. കേസിൽ പിടിയിലായ കബീർ, ജാബിർ എന്ന പേരിൽ പാസ്പോർട്ടെടുത്താണ് ഖത്തറിലേക്ക് കടന്നത്. കൊലപാതകക്കേസിൽ പ്രതിയായിട്ടും വ്യാജപേരിൽ പാസ്പോർട്ടെടുക്കാൻ ഇവിടുത്തെ പൊലീസ് സംവിധാനവും ഇവരുടെ സാമ്പത്തിക സ്വാധീനങ്ങളും തുണയായി നിന്നു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത് മറച്ചുവെച്ച് കബീറും മുനീബും വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ നിന്നും ജാമ്യത്തിലിറങ്ങി നിയമവ്യവസ്ഥയെ തന്നെ പരസ്യമായി വെല്ലുവിളിച്ചു.
ഹൈക്കോടതിയിൽ ഇവരുടെ ജാമ്യാപേക്ഷയെ സഹോദരനായ ഞാൻ എതിർത്തു. പ്രതികൾ നിയമത്തെ കബളിപ്പിച്ച് ജാമ്യം നേടിയത് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുന്നതായി വിലയിരുത്തിയ ജസ്റ്റിസ് രാജ വിജയരാഘവൻ 15000 രൂപ വീതം രണ്ടു പ്രതികൾക്കും പിഴ ശിക്ഷ വിധിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതികൾക്ക് ജാമ്യം നൽകിയ മഞ്ചേരി അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ഡജ്ഡി രണ്ട് എ.വി നാരായണനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിയും നൽകി. ഹൈക്കോടതി രജിസ്ട്രാർ ഇതേക്കുറിച്ച് അന്വേഷണം നടത്തി. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട്കൂടി പരിഗണിച്ച് ജാമ്യം അനുവദിച്ച അഡീഷണൽ ജില്ലാ ജഡ്ജിയെ താക്കീത് ചെയ്യുകയും മേലിൽ ഇത്തരം വീഴ്ച ആവർത്തിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയായ അൻവറിന്റെ സഹോദരീ പുത്രൻ ഷെഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാനുള്ള മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് രണ്ട് വർഷത്തോളമായി പൊലീസ് നടപ്പാക്കിയില്ല. കുടുംബം നീതിതേടി സെക്രട്ടറിയേറ്റിന് മുന്നിൽ നീതിസമരം നടത്തിയിട്ടും സർക്കാർ കണ്ണ് തുറന്നില്ല. ഒടുവിൽ കോവിഡ് കാലത്ത് ചാർട്ടേഡ് വിമാനത്തിൽ കരിപ്പൂരിലെത്തിയപ്പോൾ ജൂൺ 24ന് കരിപ്പൂർ വിമാനത്താവളത്തിൽവച്ചാണ് ഷെഫീഖ് പിടിയിലായത്.
പിടിയിലായ പ്രതികളുടെ വിചാരണക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന നിവേദനം മുഖ്യമന്ത്രി പരിഗണിച്ചതുപോലുമില്ല. . ഞങ്ങൾ നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. കുടുംബത്തിന്റെ ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ച ഹൈക്കോടതി 45 ദിവസത്തിനകം സ്പെഷൽ പ്രേസിക്യൂട്ടറെ നിയമിക്കുന്നതിൽ അനുകൂല തീരുമാനമെടുക്കണമെന്ന് ഉത്തരവിട്ടു. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് സി. ശ്രീധരൻനായരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം സർക്കാർ നിഷ്ക്കരുണം തള്ളുകയായിരുന്നു. മനാഫ് വധക്കേസിൽ പൊതുതാൽപര്യമില്ലെന്നും പ്രതികളെ വെറുതെവിട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുമുതൽ ധൂർത്തടിക്കലുമായിരിക്കുമെന്നുമായിരുന്നു ശ്രീധരൻനായരുടെ റിപ്പോർട്ട്.
മനാഫ് വധക്കേസിൽ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് പി.വി അൻവർ അടക്കമുള്ള പ്രതികളെ വെറുതെവിടാനുള്ള സാഹചര്യമുണ്ടാക്കിയത്. ഇതേ ശ്രീധരൻനായർ ഡി.ജി.പിയായപ്പോഴാണ് സ്പെഷൽ പ്രോസിക്യൂട്ടറുടെ ഒഴിവുവന്നത്. പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ചെലവ് കുടുംബം വഹിക്കാമെന്നറിയിച്ചിട്ടും രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികൾക്കുവേണ്ടി കോടികൾ ചെലവിട്ട് സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവരാൻ മടികാട്ടാത്ത സർക്കാർ ഞങ്ങളോട് കരുണകാണിച്ചില്ല. ഇതോടെ വീണ്ടും നീതി തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ ഉത്തരവ് തള്ളിയ ഹൈക്കോടതി ഞാൻ സമർപ്പിക്കുന്ന അഭിഭാഷകപാനലിൽ നിന്നും രണ്ടു മാസത്തിനകം സ്പെഷൾ പ്രോസിക്ടൂട്ടറെ നിയമിക്കണെന്ന അർത്ഥശങ്കക്കിടയില്ലാതെ ഉത്തരവിട്ടു. അഭിഭാഷക പാനൽ സമർപ്പിച്ച് ഒമ്പത് മാസം കഴിഞ്ഞിട്ടും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പി.വി അൻവർ എംഎൽഎയുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിനു വഴങ്ങി ഹൈക്കോടതി ഉത്തരവുപോലും സർക്കാർ അംഗീകരിക്കുന്നില്ല.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയിൽ സർക്കാരിനെതിരെ കോടതി അലക്ഷ്യഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കണം. പി.വി അൻവറടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരായ റിവിഷൻ ഹർജിയും ഹൈക്കോടതിയിലുണ്ട്. കോടീശ്വരനായ പി.വി അൻവർ എംഎൽഎയും സ്വാധീനത്തിനും ഭീഷണികൾക്കും വഴങ്ങാതെ കഴിഞ്ഞ 25 വർഷമായി കുടുംബമാണ് നിയമപോരാട്ടം നടത്തുന്നത്.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടത്തിന് സാമ്പത്തിക ശേഷിയില്ലാതെ കഷ്ടപ്പെടുകയാണ് ഞങ്ങളിപ്പോൾ. മനാഫിന് നീതിതേടിക്കൊടുക്കണമെന്ന ദൃഢനിശ്ചവുമായാണ് ഞങ്ങൾ പോരാടുന്നത്. കുടുംബത്തിന്റെ അത്താണിയായ ഒരു ചെറുപ്പക്കാരനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തിയാലും പണവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കിൽ ശിക്ഷിക്കപ്പെടാതെ വിലസിനടക്കാമെന്ന അവസ്ഥ ഇനിയുണ്ടാകരുത്. സമ്പത്തും സ്വാധീനവുമില്ലാത്ത ഞങ്ങളെപ്പോലെയുള്ള പാവങ്ങളുടെ അവസാന അത്താണിയാണ് കോടതി. കാൽനൂറ്റാണ്ടായി ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന നിയമയുദ്ധം തുടരാൻ, മനാഫിന് നീതി ലഭിക്കാൻ നിങ്ങളുടെ സഹായവും പിന്തുണയും കൂടിവേണം.