മനാമ: ബഹ്‌റിന്റെ തലസ്ഥാന നഗരമായ മനാമ മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്ക റീജിയണിലെയും ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുത്തു. എക്കണോമിക് ഫാക്ടറുകൾ കണക്കിലെടുക്കുമ്പോളാണ് മനാമ ഒന്നാമതാകുന്നത്.

തൊഴിൽഅവകാശങ്ങളിൽ മനാമക്ക് മൂന്നാം സ്ഥാനമാണുള്ളത്. 'ദ ബയ്റ്റ് ഡോട് കോം', 'യുഗോവ്' എന്നിവ ചേർന്ന് നടത്തിയ സർവെയിലാണ് ഈ കണ്ടെത്തൽ. മനാമയിലെ താമസക്കാരിൽ 79 ശതമാനം പേരും സേന്താഷവാന്മാരാണെന്നും സർവെ പറയുന്നു. ഈജിപ്ത്, ജോർഡൻ, യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ 3,613 പേരുടെ അഭിപ്രായമാണ് ഇവർ തേടിയത്.

അഭിപ്രായം ആരാഞ്ഞ 10ൽ മൂന്ന് പേരും പറയുന്നത്, മനാമയിലെ ജോലി സാധ്യത മികച്ചതാണെന്നാണ്. എന്നാൽ ഒമ്പത് ശതമാനം സ്ഥിതി മോശമാണെന്ന് പറയുന്നു. 35ശതമാനം കരുതുന്നത് ഇവിടെ മികച്ച ശമ്പളമാണ് ലഭിക്കുന്നത് എന്നാണ്.സാധനങ്ങളുടെ മിതമായ വില, കരിയറിലെ ഉയർച്ച, തൊഴിലെടുക്കുന്ന മാതാപിതാക്കൾക്കുള്ള സൗകര്യങ്ങൾ എന്നീ കാര്യങ്ങളിലും മനാമ മുന്നിലാണ്. എന്നാൽ സാമ്പത്തിക മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മനാമ ഏറ്റവും മുന്നിലാണ്. സർവെയിൽ പങ്കെടുത്ത പകുതിയോളം പേർ പറഞ്ഞത് അവർക്ക് മികച്ച സേവന വ്യവസ്ഥകളാണ് ലഭിക്കുന്നത് എന്നാണ്.

അവധിക്കാല അലവൻസ്, ആരോഗ്യ ഇൻഷൂറൻസ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയും തൃപ്തികരമാണ്.ജീവിതനിലവാരം പരിശോധിക്കുമ്പോൾ ബഹ്‌റൈന്റെ സ്ഥാനം ഏറ്റവും മുൻനിരയിലാണ്. ഈ മേഖലയിലെ 20 നഗരങ്ങളിൽ ഏറ്റവുമധികം പോയന്റ് ലഭിച്ചത് മനാമക്കാണ്.ജീവിതനിലവാരം വിലയിരുത്താൻ ഉന്നയിച്ച പ്രധാന ചോദ്യങ്ങൾക്കെല്ലാം മനാമ നിവാസികൾ തൃപ്തികരമായ മറുപടിയാണ് നൽകിയത്. സർവെയിൽ പങ്കെടുത്ത 58 ശതമാനം പേർ മനാമയിലെ സുരക്ഷ, സ്ഥിരത തുടങ്ങിയ കാര്യങ്ങൾ തികച്ചും അനുകൂലമാണ് എന്ന് വ്യക്തമാക്കി.

ആരോഗ്യപരിരക്ഷാ സംവിധാനങ്ങളിൽ 63ശതമാനമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. വിദ്യാഭ്യാസ നിലവാരത്തിനോട് 57ശതമാനം പേർ യോജിച്ചു. സാമൂഹിക, സാംസ്‌കാരിക മാനദണ്ഡങ്ങളും കുറ്റകൃത്യങ്ങളുടെ കുറഞ്ഞ തോതും പരിഗണിച്ചപ്പോൾ ബഹ്‌റൈന് ഉയർന്ന സ്ഥാനം ലഭിച്ചു. 61ശതമാനമാണ് കുറഞ്ഞ കുറ്റകൃത്യനിരക്കിന്റെ കാര്യത്തിൽ യോജിച്ചത്. മികച്ച നിയമപരിപാലന സംവിധാനത്തോട് 67 ശതമാനം പേർ അനുകൂലിച്ചു.ആൺപെൺ വിവേചനമില്ലായ്മ, എല്ലാ രാഷ്ട്രങ്ങളിൽ നിന്നുള്ളവരോടുമുള്ള തുല്യപരിഗണന, വിവിധ സംസ്‌കാരങ്ങളും ആശയങ്ങളും ഉൾക്കൊള്ളാനുള്ള കഴിവ് എന്നീ കാര്യങ്ങളാണ് സാമൂഹിക
സാംസ്‌കാരിക മാനദണ്ഡങ്ങൾ വിലയിരുന്നതിൽ ഉന്നയിച്ച മറ്റു വിഷയങ്ങൾ.

ബഹ്‌റൈനിലെ കായിക, സാംസ്‌കാരിക, വിനോദ രംഗങ്ങൾക്കും മികച്ച സ്‌കോർ ലഭിച്ചു. വ്യവസായവും വാണിജ്യവും തുടങ്ങാൻ ഏറ്റവും സാധ്യതകളുള്ള മേഖലയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നാണ് മനാമ.സംരംഭകർക്ക് ഇവിടെ അനുകൂല സാഹചര്യങ്ങളാണുള്ളത്. സർവെയിൽ പങ്കെടുത്ത പകുതിയിൽ അധികം പേരും മനാമയിൽ വ്യാപാരം തുടങ്ങാൻ എളുപ്പമാണെന്ന് വിശ്വസിക്കുന്നു. ഇവിടുത്തെ നികുതികളും മറ്റ് ഫീസുകളും താങ്ങാവുന്നതാണെന്നും അവർ കരുതുന്നു.